ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി കരിമ്പുഴ പഞ്ചായത്ത് ഭരണസമിതി
ശ്രീകൃഷ്ണപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് ത്രിതല പഞ്ചായത്തുകള്‍ നടപ്പിലാക്കേണ്ട സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതായി കരിമ്പുഴ പഞ്ചായത്ത് ഭരണസമിതിയുടെ ആക്ഷേപം. അര്‍ഹരായവരെ മാറ്റി തത്പരരെ ലിസ്റ്റില്‍ തിരുകി കയറ്റിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ഭരണസമിതി പ്രമേയത്തിലൂടെ ആരോപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്ന ലക്ഷ്യമാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്)ക്കുള്ളത്. ഭൂമിയുള്ള ഭവനരഹിതര്‍, ഭവനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ അല്ലെങ്കില്‍ വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍കാലിക ഭവനമുള്ളവര്‍, വീടില്ലാത്തവരും ഭൂമിയില്ലാത്തവരും എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക. മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, മാരക രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍, വിധവകള്‍, എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഗുണഭോക്താക്കള്‍ പഞ്ചായത്തുകള്‍ വഴി വിവിധ ഫോറങ്ങളില്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. ഗ്രാമസഭാ ബുക്കില്‍ പേരുള്ള സ്ഥലമുള്ള ഭവനരഹിതരെ എ വിഭാഗത്തിലും, ഭൂരഹിത ഭവനരഹിതരായ ഗ്രാമസഭാ ബുക്കില്‍ പെരുള്ളവരെ ബി വിഭാവത്തിലും, കുടുംബശ്രീ കണ്ടെത്തിയവരെ സി, ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് അപേക്ഷകള്‍ നല്‍കിയത്.
ഈ അപേക്ഷകള്‍ പഞ്ചായത്തുകള്‍ ഡാറ്റ എന്‍ട്രി നടത്താന്‍ മണ്ഡലംതലത്തിലേക്ക് അയച്ചു കൊടുക്കുകയും,അപേക്ഷകള്‍ ജില്ലാ തലത്തില്‍ ക്രോഡീകരിച്ച് തിരിച്ച് പഞ്ചായത്തുകളിലേക്ക് ലിസ്റ്റ് ആയി നല്‍കുകയും ചെയ്തു. അപേക്ഷകള്‍ തിരിച്ചെത്തിയപ്പോള്‍ അര്‍ഹരായവര്‍ ഭൂരിഭാഗവും ലിസ്റ്റിലില്ല. മുകളില്‍ പറഞ്ഞ വിഭാഗങ്ങളെ പരിഗണിക്കാതെ അര്‍ഹരായ ആളുകളെ പുറത്താക്കി കുടുംബശ്രീ കണ്ടെത്തിയ അനര്‍ഹരെ തിരുകി കയറ്റാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടക്കുന്നതായി ഭരണ സമിതി ആരോപിക്കുന്നു. റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ വീട് നിര്‍മ്മാണ ഫണ്ട് ലഭിക്കു എന്നതും ഈ പദ്ധതിയെ തുരങ്കം വെക്കാനാണ്. വീടില്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കില്ല. ഗ്രാമ സഭകളെയും ജന പ്രതിനിധികളെയും നോക്കുകുത്തിയാക്കി ലൈഫ് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."