രക്ഷപ്പെടാനാകാതെ കോണ്‍ഗ്രസ് കൈകാലിട്ടടിക്കുന്നു: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ചെന്നുപെട്ട അപമാനകരമായ അവസ്ഥയില്‍നിന്നു രക്ഷപ്പെടാനാകാതെ കോണ്‍ഗ്രസ് കൈയും കാലുമിട്ടടിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
നിയമസഭയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടത്തുന്ന നാടകം കാണുമ്പോള്‍ ഇതാണ് മനസിലാകുന്നതെന്നും സഭ നിര്‍ത്തിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
പമ്പയില്‍ വിരിവയ്ക്കുന്നതിനുള്ള കെട്ടിടം പൂര്‍ണമായും ഒലിച്ചുപോയിരുന്നു. നിലയ്ക്കല്‍ ബെയ്‌സ് ക്യാംപാക്കി മാറ്റിയതിനാല്‍ പുതിയ നിര്‍മാണങ്ങള്‍ വേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് പമ്പയില്‍ പുതിയ നിര്‍മാണങ്ങളൊന്നും നടത്താത്തത്. പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റുന്നത് സര്‍ക്കാരിനു മുന്നിലെ പ്രധാന പ്രശ്‌നമാണ് ഇതിന് വനം നിയമം പ്രധാന തടസമാണ്. നാല് കോടിയോളം രൂപയുടെ മണ്ണ് പമ്പയില്‍ അടിഞ്ഞു കിടപ്പുണ്ട്.
പമ്പയില്‍ മുന്‍പ് നടത്തിയിട്ടുള്ള നിര്‍മാണങ്ങളെല്ലാം അശാസ്ത്രീയമായിരുന്നു. ഇതിനെല്ലാം ഉത്തരവാദികള്‍ ആരാണെന്ന് പരിശോധന നടത്തേണ്ടതുണ്ട്. നിയമസഭയില്‍ ശബരിമലയിലെ യഥാര്‍ഥ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കരുതെന്ന് പ്രതിപക്ഷത്തിന് പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിന് ആഗ്രഹമുണ്ട്.
വര്‍ഗീയതയുടെ ഏതറ്റംവരെയും പോകാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ കടത്തിവെട്ടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ശബരിമല വിഷയത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ കളത്തിലിറക്കിയത് പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി ആരോപിച്ചു.
അന്ധമായ ഇടതുപക്ഷ തിമിരം ബാധിച്ചുപോയ പ്രതിപക്ഷത്തിന് കാഴ്ചശക്തി മാത്രമല്ല മറ്റു പലതും നഷ്ടമായിരിക്കുന്നു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ആത്യന്തികമായി തുടരേണ്ട കാര്യമില്ല. അവിടുത്തെ അക്രമ സാധ്യത ഇല്ലാതായാല്‍ പിന്‍വലിക്കും.
അക്രമങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ് ശബരിമലയിലെ നിരോധനാജ്ഞ. നിരോധനാജ്ഞകൊണ്ട് ശബരിമലയിലും പരിസരത്തും ക്രിമിനലുകള്‍ക്ക് തങ്ങാനാകുന്നില്ല എന്നതു മാത്രമാണ് പ്രശ്‌നം.
ശബരിമല ക്ഷേത്രം അടച്ചിടുമെന്നു പറഞ്ഞ തന്ത്രിക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസിലെ സഹപാഠിയെ വിരട്ടാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ജേഷ്ഠനെ വിളിച്ചുകൊണ്ടുവരുന്നതു പോലെയാണ് ബി.ജെ.പിയിലെ എ.എന്‍ രാധാകൃഷ്ണന്‍, കേന്ദ്രമന്ത്രിയായ പൊന്‍രാധാകൃഷ്ണനെ ശബരിമലയിലേക്ക് വിളിച്ചുകൊണ്ടുവന്നത്. മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ യഥാര്‍ഥത്തില്‍ പെട്ടുപോകുകയായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."