ഈ താടിക്കാര്‍ വേറെ ലെവലാണ് ബ്രോ
കോഴിക്കോട്: ഖല്‍ബില് തേനൊഴുകുന്ന കോഴിക്കോട്ട് ഖല്‍ബ് നിറഞ്ഞൊഴുകുന്ന സ്‌നേഹവായ്പുകള്‍ നീട്ടി അവര്‍ ഒത്തുചേര്‍ന്നു. നീട്ടിവളര്‍ത്തിയ താടിയുമായി 'സേവനമാണ് ജീവിതം, കാരുണ്യമാണ് ലക്ഷ്യം' എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്തെ 400ഓളം താടിക്കാരാണ് ടൗണ്‍ ഹാളില്‍ ഒത്തുചേര്‍ന്നത്. കേരളത്തിലെ താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേര്‍ഡ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഗമം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി രക്തദാന ക്യാംപ്, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ മാതൃകാ പ്രവര്‍ത്തനത്തിനുള്ള ആദരം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെ.ബി.എസ് നടത്തുന്നത്. ഇത്തവണ 'നോ ഷേവ് നവംബര്‍' കാംപയിനിന്റെ ഭാഗമായി തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണവിതരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ മാതൃകാ പ്രവര്‍ത്തനത്തിനുള്ള ആനുകൂല്യം, കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയവയാണ് ടൗണ്‍ഹാളില്‍ ഒരുക്കിയത്. കെ.ബി.എസ് അംഗങ്ങളുടെ ഒത്തുചേരല്‍, അകാലത്തില്‍ വിട്ടുപോയ അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തല്‍, അംഗങ്ങള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് തുടങ്ങിയവ നടത്തി. സാംസ്‌കാരിക സദസിന്റെ ഉദ്ഘാടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിര്‍വഹിച്ചു. സംഘടനാ പ്രസിഡന്റ് ഷെഫീര്‍ അധ്യക്ഷനായി. സ്‌നേഹോപഹാരമായി ബീച്ച് ആശുപത്രിക്ക് വാട്ടര്‍ പ്യൂരിഫയര്‍ സെറ്റ് നല്‍കി. പ്രളയ സമയത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനാ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം കോഴിക്കോട് സി.ഐ എ. ഉമേഷ് നിര്‍ഹിച്ചു. കെ.ബി.എസ് ഫൗണ്ടര്‍ അനസ് അബ്ദുല്ല സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."