HOME
DETAILS

സി.പി.എം അഴുക്കുകള്‍ തട്ടാനുള്ളതല്ല മുസ്‌ലിം സമുദായം

  
backup
November 20 2019 | 19:11 PM

editorial-21-nov-2019

 

മനുഷ്യനിര്‍മിതമായ ആശയങ്ങള്‍ സംഘടനാരൂപം കൈക്കൊള്ളുമ്പോള്‍ അതൊരു വ്യവസ്ഥാപിത രൂപമാവുകയും പിന്നീടത് സ്ഥാപനമായി മാറുകയും കാലാന്തരത്തില്‍ ആന്തരിക ജീര്‍ണ്ണതയാല്‍ നശിക്കുകയും ചെയ്യുമെന്നത് ലോകനീതിയാണ്. അതാണിപ്പോള്‍ സി.പി.എം നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വത്വപ്രതിസന്ധിയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട സംഘടനയുടെ തകര്‍ച്ചയും നാള്‍ക്ക്‌നാള്‍ അടുത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ അതിജീവനത്തിന്റെ വഴി തേടുകയാണ് സി.പി.എം നേതാക്കളും പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകൂടവും.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടുത്തകാലത്തായി നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ചുവയുള്ള പ്രസംഗങ്ങളും പരാമര്‍ശങ്ങളും സി.പി.എമ്മിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള നിലവിളിയാണ്. ടി.പി ചന്ദ്രശേഖരന്‍ എന്ന ഒറിജിനല്‍ കമ്മ്യൂണിസ്റ്റ് നേതാവ് അന്‍പത്തിയൊന്ന് വെട്ടേറ്റ് കൊല്ലപ്പെട്ടതിന്റെ പിന്നില്‍ പി. മോഹനന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും ഇസ്‌ലാമിക തീവ്രവാദത്തിന്റെ ചാപ്പകുത്തി പി. മോഹനന്‍ തള്ളിപറയുമ്പോള്‍ ടി. പി ചന്ദ്രശേഖരനെ വധിക്കാന്‍വന്ന കാറില്‍ മാഷാ അല്ലാഹ് എന്ന സ്റ്റിക്കറൊട്ടിച്ചതിന്റെ പിന്നില്‍ ആരുടെ ബുദ്ധിയായിരിക്കും പ്രവര്‍ത്തിച്ചതെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. രണ്ട് വര്‍ഷം മുന്‍പ് ഗെയില്‍ സമരം മലപ്പുറത്തും കോഴിക്കോട്ടും രൂക്ഷമായപ്പോള്‍ ആ സമരത്തെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് പറഞ്ഞ് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചവരില്‍ കോഴിക്കോട് ജില്ലാ സി.പി.എം സെക്രട്ടറിയുമുണ്ടായിരുന്നു.
കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളെന്ന് അലന്‍ ശുഹൈബിനെയും താഹാഫസലിനെയും ഉദ്ദേശിച്ച് പറയുമ്പോള്‍ സി.പി. എമ്മിലെ മുസ്‌ലിം നാമധാരികളെല്ലാം സംശയത്തിന്റെ നിഴലിലാണെന്നാണ് മനസ്സിലാക്കേണ്ടത്. മതരഹിത കുടുംബത്തില്‍ പിറന്നവരാണെങ്കില്‍പോലും കൂടെയുള്ള പേരുകള്‍ അവരെ സംശയദൃഷ്ടിയിലാക്കുന്നു. പാര്‍ട്ടിയുടെ കെട്ടുകള്‍ പൊട്ടിച്ച് അവര്‍ പുറത്തേക്ക് വരുമ്പോള്‍ അത് പാര്‍ട്ടിയുടെ പരാജയമായി കാണാനല്ല പി. മോഹനനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിക തീവ്രവാദം വളരെ എളുപ്പത്തില്‍ ചെലവാകുന്ന ചരക്കാണെന്ന ബോധ്യത്താല്‍ ഇത്തരത്തിലുള്ള യുവാക്കളുടെമേല്‍ ഇസ്‌ലാമിക തീവ്രവാദം അടിച്ചേല്‍പ്പിക്കുകയാണ്. സി.പി.എമ്മിലെ ന്യൂനപക്ഷ വിഭാഗങ്ങളൊക്കെയും തീവ്രവാദ മുദ്രകുത്തപ്പെടാന്‍ ഏത്‌നേരത്തും സാധ്യതയുണ്ടെന്നര്‍ഥം. അത് തന്നെയല്ലേ ബി.ജെ.പിയും ചെയ്യുന്നത്. അധികാരമോഹികളായ മുസ്‌ലിം നാമധാരികള്‍ ബി.ജെ.പിയില്‍ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അവരെ ഒരിക്കല്‍പോലും ആര്‍.എസ്.എസ് വിശ്വാസത്തിലെടുക്കുകയില്ല എന്നത് ഉറപ്പുമാണ്. ന്യൂനപക്ഷ സമുദായത്തെ അടിക്കാന്‍ ആ സമുദായത്തില്‍ നിന്നുള്ളവരെതന്നെ വടിയാക്കുക എന്ന തന്ത്രമാണിവിടെ ബി.ജെ.പി പ്രയോഗിക്കുന്നത്. അതുതന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്. മലപ്പുറം ജില്ലയില്‍ സി.പി.എം മുസ്‌ലിം നാമധാരികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഇതേ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്.
അലന്‍ ശുഹൈബും താഹഫസലും മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണക്കാര്‍ ആഡംബരത്തില്‍ മുങ്ങിക്കളിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതരീതി തന്നെയാണ്. നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് പാര്‍ട്ടിയിലേക്ക് ചേക്കേറുന്ന യുവാക്കളുടെ കാലം കഴിഞ്ഞു. നേതാക്കളുടെ ജീവിതം സന്ദേശമാകുന്നുണ്ടോ എന്നാണവരുടെ നോട്ടം. ജീവിതം സന്ദേശമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയന്‍ ഗോവിന്ദന്‍. ജീവിതാവസാനംവരെ ദാരിദ്ര്യത്തില്‍ കഴിയാനായിരുന്നു വിധി. മകന് പാര്‍ട്ടി പത്രത്തില്‍ അച്ചു നിരത്തുന്ന ജോലി കിട്ടിയപ്പോള്‍ വീട്ടിലെ ദാരിദ്ര്യത്തിന് കുറവുണ്ടാകുമെന്ന് കരുതി. അതിനെതിരേ പാര്‍ട്ടി സഖാക്കള്‍ ലഹളകൂട്ടിയപ്പോള്‍ മകനെ തിരിച്ചുവിളിക്കുകയും ചെയ്തു ചടയന്‍ ഗോവിന്ദന്‍. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ബൂര്‍ഷ്വ കുത്തകകളുടെ ബഹുരാഷ്ട്ര കമ്പനികളില്‍ സി.ഇ.ഒമാരായും വൈസ് പ്രസിഡന്റുമാരായും വിലസുന്നത് സഖാക്കളെ തെല്ലുംഅലട്ടുന്നില്ല. തൊണ്ടവേദനക്ക് ന്യൂയോര്‍ക്കില്‍ ചികിത്സക്ക് പോകുന്ന പാര്‍ട്ടി സെക്രട്ടറിമാരാണ് ഇന്ന് സി.പി.എമ്മിലുള്ളത്. മുദ്രാവാക്യം വിളിച്ച് ക്ഷയരോഗം വന്ന് മരിച്ച നേതാക്കളെയും ഇന്നത്തെ നേതാക്കളെയും ഇളംതലമുറ തിരിച്ചറിയുമ്പോള്‍ അവര്‍ മാവോയിസ്റ്റ് ആശയങ്ങളെ തേടിപ്പോകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സി.പി.എമ്മിന് എങ്ങിനെ ഒഴിഞ്ഞുമാറാനാകും. ഉത്തരവാദിത്വമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റേജില്‍ കയറി ഒരു സമുദായത്തെ തീവ്രവാദ മുദ്രകുത്തി അപമാനിക്കുമ്പോള്‍ അതിന് ഉപോദ്ബലമായ തെളിവുകള്‍കൂടി നിരത്താന്‍ ബാധ്യസ്ഥനാണ്. തെരുവ് സര്‍ക്കസിലെ കോമാളികളാകരുത് സി.പി.എം നേതാക്കള്‍ എന്ന് പറയപ്പെടുന്നവര്‍.
സി.പി.എം കേരളത്തില്‍ ഇപ്പോള്‍ അതിന്റെ നിലനില്‍പ്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത് രണ്ട് വിധത്തിലാണ്. ബംഗാളിലും ത്രിപുരയിലും നശിപ്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ തുരുത്താണ് കേരളം. ന്യൂനപക്ഷങ്ങളെ എന്നപോലെതന്നെ കമ്മ്യൂണിസ്റ്റുകളെയും തകര്‍ക്കുക എന്നത് സംഘ്പരിവാര്‍ ലക്ഷ്യമാണ്. ഭരണം ഉപയോഗിച്ച് സി.പി.എമ്മിനെ ഇപ്പോള്‍ തകര്‍ക്കാവുന്നതേയുള്ളൂ സംഘ്പരിവാറിന്. അത്തരമൊരു ഭീഷണിയില്‍നിന്നും അതിജീവനം നേടേണ്ടത് സി.പി.എമ്മിന്റെ മാത്രം ബാധ്യതയല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുകൂടിയാണ്. രാഷ്ട്രീയ എതിരാളികളെ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചും സി.ബി.ഐയെ ഉപയോഗിച്ചും ബി.ജെ.പി ഭരണകൂടം തകര്‍ത്തുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസ് ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണെന്നും ഓര്‍ക്കണം.
അടുത്തകാലത്തായി സുപ്രിംകോടതി വിധികളെല്ലാം സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതുമാണ്. തല കത്തുമ്പോള്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ അന്ത്യശാസനവും കല്‍പ്പനകളും അവഗണിക്കുകയേ തരമുള്ളൂ. അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുമ്പോള്‍ ജന്മഭൂമി ദിനപത്രം ബിഗ് സല്യൂട്ട് മുഖ്യമന്ത്രിക്ക് നല്‍കുന്നുണ്ടെങ്കില്‍, ഇസ്‌ലാം തീവ്രവാദികളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്ന പി. മോഹനന്റെ പ്രസംഗത്തിന് ബി.ജെ. പി സംസ്ഥാന മുന്‍ പ്രസിഡന്റും ആര്‍.എസ്.എസ് നേതാവുമായ കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ അതിജീവനത്തിന് വേണ്ടിയുള്ള മരണവെപ്രാളത്തില്‍ പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും തള്ളിക്കളയുന്നതിന് സി.പി.എമ്മിന്റെ കേരളത്തിലെ നേതാക്കള്‍ക്ക് യാതൊരു മടിയുമില്ല. പൊളിറ്റ് ബ്യൂറോ എന്നത് ഒരു കടംങ്കഥയായി മാറാന്‍ ഏറെ കാലമുണ്ടാവില്ല എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്ന നിരന്തര പ്രവര്‍ത്തനത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഏര്‍പ്പെട്ടിരിക്കുന്നത്. പക്ഷെ അതിനുവേണ്ടി പാര്‍ട്ടിയിലെ അഴുക്കുകള്‍ വലിച്ചെറിയാനുള്ള പുറമ്പോക്ക് ഭൂമിയല്ല മുസ്‌ലിം സമുദായമെന്ന് സി.പി.എം ഓര്‍ക്കുന്നത് നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago