കായിമേള ബഹിഷ്ക്കരണത്തിലുറച്ച് സംയുക്ത കായിക അധ്യാപക സംഘടന
തൃശൂര്‍ എരുമപ്പെട്ടി: കായിക മേളകള്‍ ബഹിഷ്ക്കരിച്ച് കൊണ്ടുള്ള സമരത്തിലുറച്ച് നില്ക്കാന് എറണാകുളത്ത് ചേര്‍ന്ന സംയുക്ത കായിക അധ്യാപക സംഘടന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം.
സര്‍ക്കാര്‍ സ്കൂളുകളിലെ കായിക അധ്യാപക തസ്തികകള്‍ കാലോചിതമായി പരിഷ്കരിച്ച് സംരക്ഷിക്കാനും പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും നടപടി കൈകൊള്ളാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ മേളകള്‍ ബഹിഷ്കരിക്കുന്നതുള്പ്പടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്.
2017 ല്‍ കെ.ഇ.ആര് പരിഷ്ക്കരിക്കാതെ തന്നെ സംസ്ഥാനത്തെ സ്കൂളുകളില്‍ സ്റ്റാഫ് ഫിക്സേഷന് നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ കായിക അ ധ്യാപകരെ അവഗണിക്കുകയാണുണ്ടായതെന്ന് അധ്യാപക സംഘടന ആരോപിക്കുന്നു. യു.പി വിഭാഗത്തില്‍ 500 വിദ്യാര്‍ഥികള്‍ക്ക് ഒരു കായിക അധ്യാപകന് എന്ന റൂളില്‍ മാറ്റം വരുത്തി മൂന്ന് പിരിയഡാക്കുകയും, 15 പിരിയഡിന് ഒരു മുഴുവന്‍ സമയ അധ്യാപക നിയമനം നടപ്പിലാക്കുകയും ചെയ്യുക, ഹൈസ്കൂളില്‍ പുതിയതായി അനുവദിച്ച പിരിയഡുകള്‍ പരിഗണിച്ച് അഞ്ച് പിരിയഡിന് ഒരു അധ്യാപകന് എന്ന രീതിയില്‍ തസ്തിക സംരക്ഷിക്കുക, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തസ്തിക അനുവദിച്ച് നിയമനം നടത്തുക, വേതനം നല്‍കുന്നതിലെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.
ആഗസ്റ്റ് 5 ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ ദിനം ആചരിക്കാനും,8 ന് ജില്ലാ ഉപജില്ലാ സെക്രട്ടറിമാര്‍ രാജിവയ്ക്കുവാനും, ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്താനും സംസ്ഥാന എക്സിക്യൂട്ടിവ് ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."