ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെയെന്ന് പി. മോഹനന്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇസ്‌ലാമിക തീവ്രവാദി സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നതെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്‌ലാമിക തീവ്രവാദ സംഘടനയെന്ന് താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുസ്‌ലിം സമുദായത്തെ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഒരുതരത്തിലും ഇസ്‌ലാംവിരുദ്ധ പരാമര്‍ശം ആ പ്രസംഗത്തില്‍ നടത്തിയിട്ടില്ല. മുസ്‌ലിം സമുദായത്തില്‍ മഹാഭൂരിപക്ഷം വരുന്ന ജനപിന്തുണയുള്ള പ്രബലമായ സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അവരെല്ലാം തീവ്രവാദ സംഘടനകള്‍ക്കെതിരായ നിലപാടാണ് എടുത്തിട്ടുള്ളത്. എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവരൊഴികെ മറ്റു സമുദായ സംഘടനകളെല്ലാം തീവ്രവാദത്തെ ശക്തമായി എതിര്‍ത്തവരാണ്. നേരത്തെ സായുധ കലാപത്തിന്റെ പാത സ്വീകരിച്ച അതിതീവ്ര നിലപാടുള്ള നക്‌സലൈറ്റുകളെല്ലാം നിലവില്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനയുടെ നേതൃസ്ഥാനത്തുണ്ടെന്ന വാര്‍ത്തകളുണ്ട്. ഇത് നിര്‍ദോഷകരമായ സൗഹൃദമാണെന്ന് കരുതാനാവില്ല.
പന്തീരങ്കാവില്‍ നിന്ന് അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സി.പി.എം അംഗീകരിക്കാത്ത തീവ്രനിലപാടുള്ള ആശയങ്ങളില്‍ ആകൃഷ്ടരായിപ്പോവുകയോ മറ്റേതെങ്കിലും രീതിയില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ മാത്രമേ മനസ്സിലാവുകയുള്ളൂ. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെക്കുറിച്ച് പൊതുസമൂഹം പരിശോധിക്കേണ്ടതുണ്ട്. ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ബി.ജെ.പി തന്റെ പ്രസ്താവനയെ പിന്തുണച്ചത് നല്ല ഉദ്ദേശത്തോടെയല്ല. അതു കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നടത്തിയ പ്രസംഗത്തെ വിവാദമാക്കി വിദ്വേഷപ്രചാരണമഴിച്ചുവിടുന്ന എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, മുസ്‌ലിം ലീഗ് എന്നിവരുടെ ദൃഷ്ട താല്‍പര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി മനസിലാവുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാവോയിസ്റ്റുകളുടെ രാഷ്ട്രീയം തൊഴിലാളികളുടെയും അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും മോചനത്തെയോ ക്ഷേമത്തെയോ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും അങ്ങേയറ്റം ഭീകരവാദ പരവും വര്‍ഗീയതീവ്രവാദികളുമായി വരെ കൂട്ടുകൂടുന്നതുമാണെന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരുടെ എന്‍.ഡി.എഫ് തീവ്രവാദ ബന്ധത്തെ സൂചിപ്പിച്ചത്. ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സി.പി.എം വിരുദ്ധതയാണ് അത്തരം നുണപ്രചാരണങ്ങളുടെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്.
എന്‍.ഡി.എഫിനെപോലുള്ള തീവ്രവാദ സംഘടനകളെ വിമര്‍ശിക്കുന്നതില്‍ അക്കൂട്ടര്‍ പ്രകോപിതരാവുന്നത് മനസിലാക്കാം. എന്നാല്‍ മുസ്‌ലിം ലീഗുകാരെന്തിനാണ് എന്‍.ഡി.എഫുകാരെ പ്രതിരോധിക്കുന്നതെന്ന് മനസിലാവുന്നില്ല.
മാവോയിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടാണ് ആഗോള ഇസ്‌ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുമായി വിപ്ലവ ലക്ഷ്യം പങ്കിടുക എന്നത്. അവരുടെ നേതാവ് മുന്‍പ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അത്തരം തീവ്രവാദ സ്വത്വഗ്രൂപ്പുകളുമായി ഐക്യപ്പെടണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു രാഷ്ട്രീയ വിമര്‍ശനമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."