പൊന്നാനി താലൂക്കാശുപത്രിയിലെ ആദ്യ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം
പൊന്നാനി: താലൂക്കാശുപത്രിയില്‍ ആദ്യമായി നടത്തിയ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജകരം. പൊന്നാനി പൊലിസ് സ്റ്റേഷന്‍ സ്വദേശി പാലക്കവളപ്പില്‍ ഹൗലത്തിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് മൂലം കാല്‍മുട്ടിന് തേയ്മാനം സംഭവിച്ച ഹൗലത്തിനാണ് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അസൗകര്യങ്ങളുടെ പരിമിതിയെ മറികടന്നാണ് ഡോക്ടര്‍മാരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിനൊടുവില്‍ ഓപ്പറേഷന്‍ വിജയകരമായി നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ രണ്ടര ലക്ഷം രൂപ ചെലവ് വരുന്ന ഓപ്പറേഷന് ഉപകരണങ്ങളുടെ ചെലവ് മാത്രം ഈടാക്കിയാണ് ഓപ്പറേഷന്‍ നടത്തിയത്. ഓപ്പറേഷനായി തിയറ്ററും പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡും അണുവിമുക്തമാക്കി സജ്ജീകരിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷം ഹൗലത്തിന് സുഗമമായി നടക്കാവുന്ന തരത്തിലാണ് ചികിത്സ ലഭ്യമാക്കിയത്. ഓര്‍ത്തോ വിഭാഗം കണ്‍സള്‍ട്ടന്റായ ഡോ. യൂസഫലിയുടെ നേതൃത്വത്തില്‍ ഡോ. അബ്ദുല്ല പൂക്കോടന്‍, ഡോ.ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്‌തേഷ്യന്‍മാരായ ഡോ. സിജോ. പി. ജോര്‍ജ്, ഡോ. അജു, ഡോ. നിര്‍മല്‍, നഴ്‌സിങ്ങ് സൂപ്രണ്ട് പ്രമീള, സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിങ്ങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ പിന്തുണ നല്‍കി. പൊന്നാനി താലൂക്കാശുപത്രിയിലെ കൂട്ടായ്മയുടെ വിജയമാണിതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."