'ഇളകാത്ത മുതലുകള്‍' ചുറ്റുമതിലിലൊതുങ്ങി കാസര്‍കോട് സൈബര്‍ പാര്‍ക്ക്
ചീമേനി: കാസര്‍കോഡ് ജില്ലയുടെ വികസനപ്പട്ടികയിലിടം തേടിയെന്ന് കരുതിയ ചീമേനി സൈബര്‍ പാര്‍ക്ക് കടലാസിലൊതുങ്ങി കിടക്കുന്നു. പേരിനൊരു ചുറ്റുമതിലുണ്ടെന്നല്ലാതെ അകത്ത് ഭൂമിയപ്പാടെ കാടുമൂടിക്കിടക്കുകയാണ്.
തിരുവന്തപുരം ടെക്‌നോ പാര്‍ക്ക്, എറണാകുളം ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ മാതൃകയില്‍ അന്തര്‍ദേശീയതലത്തില്‍ കമ്പനികളെ ആകര്‍ഷിക്കാവുന്നരീതിയിലാണ ്ചീമേനി ഐ.ടി പാര്‍ക്കിന്റെ പ്രവര്‍ത്തനം വിഭാവന ചെയ്തത്.
ജില്ലയുടെ വ്യാവസായിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് 2010 ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടുത്തി ചീമേനിയില്‍ സൈബര്‍ പാര്‍ക്കിന് പച്ചക്കൊടി കാട്ടിയത്.
ഇതിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും നൂറേക്കര്‍ വിട്ട് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശിലാസ്ഥാപനവും നടത്തി. ശിലാസ്ഥാപനം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല.
ചുറ്റുമതില്‍, സെക്യൂരിറ്റി ഓഫീസ്, പാര്‍ക്ക് സെന്റര്‍, കുടിവെളള ശുചീകരണ വിതരണ പ്ലാന്റ്, ഒന്നര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐടി ബില്‍ഡിങ്ങ് ,ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് കാസര്‍ഗോഡ് സൈബര്‍ പാര്‍ക്ക് എന്ന പേരിലുള്ള പ്രൊജക്ട് .
വി.എസ് സര്‍ക്കാര്‍ മാറി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും മൂന്നേകാല്‍ക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ചുറ്റുമതിലല്ലാതെ മറ്റൊന്നും പാര്‍ക്ക് വളപ്പില്‍ നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."