മസ്റ്ററിങ്ങില്‍ ഇതുവരെ പങ്കെടുത്തത് 2,21,888 പേര്‍ ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട്...
മുഹമ്മദലി പേലേപ്പുറം
മലപ്പുറം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മസ്റ്ററിങ്ങില്‍ സംസ്ഥാനത്ത് ഇതുവരെ പങ്കെടുത്തത് 2,21,888 പേര്‍.
മസ്റ്ററിങ് തുടങ്ങി ഒരാഴ്ചയ്ക്കിടെയാണ് ഇത്രയുംപേര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് നടത്തിയത്. വാര്‍ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ മസ്റ്ററിങ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അക്ഷയ കേന്ദ്രത്തില്‍ നേരിട്ടെത്തി വിരലടയാളം വഴിയോ കണ്ണ് ഉപയോഗിച്ചോ ആണ് മസ്റ്ററിങ് ചെയ്യേണ്ടത്.
അനര്‍ഹര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നത് തടയാനാണ് മസ്റ്ററിങ്. 13ന് മസ്റ്ററിങ് ആരംഭിച്ചത് മുതല്‍ അക്ഷയ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടത്തോടെ അക്ഷയ കേന്ദ്രങ്ങളിലെത്തിയതോടെ സെര്‍വര്‍ തകരാറിലാകുന്നതും പതിവായി. സോഫ്റ്റ്‌വെയര്‍ തകരാറിലായതോടെ ഇത് പരിഹരിക്കുന്നതിനായി ഇന്നലെ മസ്റ്ററിങ് നിര്‍ത്തിവച്ചു. ഈ മാസം 30 വരെയാണ് മസ്റ്ററിങിന് സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നത്. പരാതി വ്യാപകമായതിനെ തുടര്‍ന്ന് മസ്റ്ററിങ്ങിനുള്ള സമയപരിധി അടുത്ത മാസം 15 വരെ നീട്ടിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 46,89,419 പേരാണ് ഇപ്പോള്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ അഞ്ച് ശതമാനം പേര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നവരാണെന്നാണ് സര്‍ക്കാര്‍ വാദം. ഇതുവരെയുള്ള കണക്കുപ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മസ്റ്ററിങില്‍ പങ്കെടുത്തത്. ഇവിടെ 54084 പേര്‍ പങ്കെടുത്തു. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് (2651).
സൗജന്യമായാണ് മസ്റ്ററിങ് നടത്തുന്നത്. കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ ഭരണ സ്ഥാപനത്തെ വിവരമറിയിച്ചാല്‍ വീട്ടില്‍ വന്ന് മസ്റ്ററിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."