എയര്‍ ഇന്ത്യയും ഫ്‌ളൈ ദുബൈയും കരിപ്പൂരിലെത്തുന്നു
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ച കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ, ഫ്‌ളൈ ദുബൈ വിമാനങ്ങളുടെ സര്‍വിസുകള്‍ക്കു സമ്മര്‍ദം ശക്തമാക്കാന്‍ നീക്കം. ഇന്നലെ കരിപ്പൂരില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിന്റേതാണു തീരുമാനം. നിലവില്‍ സര്‍വിസിനുള്ള ഒരുക്കങ്ങള്‍ എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബൈ കരിപ്പൂരിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യയോട് സര്‍വിസ് വൈകരുതെന്നു യോഗം ആവശ്യപ്പെട്ടു.
സഊദി എയര്‍ലൈന്‍സ് ഡിസംബര്‍ അഞ്ചിന് കരിപ്പൂരില്‍ സര്‍വിസ് ആരംഭിക്കും. ജിദ്ദ സര്‍വിസിന് ഔദ്യോഗിക ചടങ്ങുകളൊന്നുമില്ല. വിമാനത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. ഇതിന് കരിപ്പൂരില്‍ ഒരുക്കിയ സൗകര്യങ്ങള്‍ യോഗത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിശദീകരിച്ചു. അതേസമയം, 120 കോടി മുടക്കി നിര്‍മിക്കുന്ന വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം ജനുവരിയിലേക്കു നീളും. നിര്‍മാണപ്രവൃത്തികള്‍ ജനുവരി ആദ്യത്തോടെ പൂര്‍ത്തിയാക്കി രണ്ടാംവാരത്തില്‍ തുറക്കാനാണു നീക്കം. കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തിരക്കുകുറയുമെന്നാണു കരുതപ്പെടുന്നത്.
ഉപദേശക സമിതി യോഗങ്ങളില്‍ ഇതുവരെ പങ്കെടുക്കാത്ത കസ്റ്റംസ് അധികൃതര്‍ ഇന്നലെ യോഗത്തില്‍ സംബന്ധിച്ചിരുന്നു. കസ്റ്റംസ് ഹാളില്‍ യാത്രക്കാര്‍ക്കു നേരിടേണ്ടിവരുന്ന പീഡനത്തെ കുറിച്ചു യോഗത്തില്‍ അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. എന്നാല്‍, ജീവനക്കാരുടെ കുറവുകാരണമാണു യാത്രക്കാര്‍ കൂടുതല്‍ നേരം ഹാളില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുള്ളതെന്ന് കസ്റ്റംസ് അധികൃതര്‍ വിശദീകരിച്ചു. ഇതിനു പരിഹാരം കാണാന്‍ പ്രശ്‌നം പാര്‍ലമെന്റിലടക്കം ഉന്നയിക്കാമെന്ന് എം.പിമാര്‍ യോഗത്തില്‍ അറിയിച്ചു.
വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നതോടെ അഗ്നിശമന സേനയുടെ കാറ്റഗറി ഒന്‍പതായി ഉയരുമെന്ന് എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു. നിലവില്‍ സേനയുടേത് കാറ്റഗറി എട്ടാണ്. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് സ്ഥലം വര്‍ധിപ്പിക്കാന്‍ പുതുതായി 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. ടെര്‍മിനലിനുമുന്‍പിലാണു സ്ഥലമേറ്റെടുക്കുക. വിമാനത്താവളത്തില്‍ കൂടുതല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ കെ.സി ഷീബ, കെ. മുഹമ്മദുണ്ണി ഹാജി യോഗത്തില്‍ പങ്കെടുത്തു.
കരിപ്പൂരിന്റെ ശനിദശ മാറി: കുഞ്ഞാലിക്കുട്ടി
കൊണ്ടോട്ടി: പഴയ പ്രതാപത്തിലേക്ക് ഉയരുന്ന കരിപ്പൂരിന്റെ ശനിദശ മാറിയെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കാലമാണ് കരിപ്പൂരില്‍ വന്നിരിക്കുകയാണ്. സഊദി എയര്‍ലൈന്‍സ് സര്‍വിസ് ആരംഭിക്കാനിരിക്കുന്നു. വൈകാതെ എയര്‍ ഇന്ത്യയും സര്‍വിസിനു തുടക്കം കുറിക്കും. യാത്രക്കാര്‍ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും ചര്‍ച്ച ചെയ്‌തെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."