മണാശേരിയില്‍ നിര്‍ത്തിയിട്ട കാറിന്റെ ടയറുകള്‍ മോഷ്ടിച്ചു
മുക്കം: മലയോര മേഖലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മോഷണം പതിവാകുന്നു. വെള്ളിയാഴ്ച രാത്രി മുക്കം മണാശേരിയില്‍ നിര്‍ത്തിയിട്ട കാറിന്റെ മൂന്ന് ടയറുകള്‍ മോഷണം പോയതാണ് അവസാനത്തെ സംഭവം. മണാശേരി മുത്താലം റോഡില്‍ കെ.എം.സി.ടി മെഡിക്കല്‍ കോളജ് ഗെയ്റ്റിന് സമീപം നിര്‍ത്തിയിട്ട കെ.എന്‍ 38 2881 നമ്പര്‍ വാഗണര്‍ കാറിന്റെ ജെ.കെ ടയര്‍ കമ്പനിയുടെ ഏകദേശം 4000 കിലോമീറ്റര്‍ ഓടിയ ടയറുകളാണ് മോഷ്ടിക്കപെട്ടത്. കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ബിലാലിന്റേതാണ് കാര്‍. രാത്രി ഒന്നോടെയാണ് ബിലാല്‍ ഇവിടെ കാര്‍ നിര്‍ത്തിപ്പോയത്. ഇക്കഴിഞ്ഞ 18 നും ബിലാലിന്റെ കാറിന്റെ ഒരു ടയര്‍ മോഷണം പോയിരുന്നു. അന്ന് കൂട്ടുകാര്‍ കാണിച്ച തമാശയായിരിക്കുമെന്ന് കരുതിയിരുന്നതായി ബിലാല്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയില്‍ മുക്കം പൊലിസ് കേസെടുത്തു. അതേ സമയം മലയോര മേഖലയില്‍ രാത്രി നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ മോഷണം തുടര്‍ക്കഥയാവുകയാണ്.
വിവിധ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വണ്ടികളില്‍ നിന്ന് ടയറുകള്‍ക്ക് പുറമെ ബാറ്ററി, ജാക്കി തുടങ്ങിയവയും മോഷണം പോവുന്നുണ്ട്. ആശുപത്രി കോംമ്പൗണ്ടുകളിലും റോഡരികുകളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നാണ് കൂടുതലും മോഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."