നെതന്യാഹു സര്‍ക്കാരില്‍ ചേരില്ലെന്ന് ലീബര്‍മാന്‍
ജറൂസലേം: തന്റെ ഇസ്റാഈല്‍ ബൈതെനു പാര്‍ട്ടി കേവല ഭൂരിപക്ഷമുള്ള സര്‍ക്കാരില്‍ ചേരില്ലെന്ന് മുന്‍ പ്രതിരോധമന്ത്രിയും തീവ്രദേശീയവാദിയുമായ അവിഗ്ദോര്‍ ലീബര്‍മാന്‍. നെതന്യാഹുവുമായും എതിരാളി ബെന്നി ഗാന്റ്സുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട ശേഷം നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം ഇയാള്‍ നെതന്യാഹു സര്‍ക്കാരില്‍ നിന്നു രാജിവച്ചത്.
ഇതോടെ രണ്ട് പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളിലും ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വലയുന്ന നെതന്യാഹു സര്‍ക്കാര്‍ മൂന്നാമതും തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നേക്കും. ഈ വര്‍ഷം ഏപ്രിലിലെ ആദ്യ തെരഞ്ഞെടുപ്പിലും സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന ലിക്കുഡ് പാര്‍ട്ടിക്ക് മറ്റാരും പിന്തുണ നല്‍കാത്ത സാഹചര്യത്തിലാണിത്.
അതേസമയം അധികാരം പങ്കിടുന്നതു സംബന്ധിച്ച് പ്രതിപക്ഷ നേതാവും മുന്‍ സൈനികമേധാവിയുമായ ഗാന്റ്സ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചനയുണ്ട്. ഇസ്റാഈലി സൈന്യം ഈയിടെ ശത്രുകേന്ദ്രങ്ങളില്‍ കൂടുതലായി ആക്രമണം നടത്തുന്നത് ഇരുവരെയും ഒന്നിപ്പിക്കാനാണെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."