നാട്ടാന പരിപാലന ചട്ടം; ആനകളുടെ സെന്‍സസ് നടത്തി
മാനന്തവാടി: നാട്ടാന പരിപാലന ചട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആദ്യമായി നാട്ടാനകളുടെ സെന്‍സസ് നടത്തി. സുപ്രിം കോടതി വിധിയുടെ പാശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി കണക്കെടുപ്പ് നടത്തിയത്. ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ആനകള്‍, മറ്റാരുടെയെങ്കിലും പേരില്‍ രജിസ്ട്രഷന്‍ നടത്തിയിട്ടുള്ളതാണോ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കും. ആനകളെ എഴുന്നള്ളത്തിനും പൊതു പരിപാടികള്‍ക്കും കൊണ്ട് പോകുന്നതിന് നിരവധി നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവുച്ചിട്ടുള്ളത്. പരിപാടികള്‍ക്ക് കൊണ്ടുപോകുന്ന 40 വയസിന് മുകളിലുള്ള ആനകള്‍ക്ക് പ്രത്യേക പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം ആനകള്‍ക്ക് ശാസ്ത്രീയമായ പരിശോധന നടത്തിയതിന് ശേഷമെ കൊണ്ട് പോകാന്‍ അനുമതി നല്‍കാവു എന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായാണ് കണക്കെടുപ്പ് നടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വൈറ്ററിനറി ഓഫിസര്‍മാര്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സെന്‍സസില്‍ പങ്കെടുക്കും. എ.സി.എഫുമാര്‍ അതാത് ജില്ലകളിലെ സെന്‍സസിങ് ഓഫിസര്‍മാരും ബയോഡവേഴ്‌സിറ്റി സെല്ലിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സംസ്ഥാന തല കോഡിനേറ്ററുമാണ്. ജില്ലയിലെ സെന്‍സസ് ഓഫിസര്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എ.സി.എഫ് എ. ഷജ്‌നയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മാനന്തവാടി, കല്‍പ്പറ്റ റെയ്ഞ്ചുകള്‍ക്ക് കീഴില്‍ രണ്ട് വിഭാഗങ്ങളിലായാണ് കണക്കെടുപ്പ്. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ സംഘത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. സാമുഹ്യ വനവല്‍ക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ച് ഓഫിസര്‍ മധുസൂദനും കണക്കെടുപ്പില്‍ പങ്കെടുത്തു. മുത്തങ്ങ ആനപന്തിയിലെ എട്ടു ആനകളെയും അമ്പലവയല്‍, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ഓരോ ആനകളെയുമാണ് പരിശോധനക്ക് വിധേയമാക്കിയ്. സെന്‍സസില്‍ നിന്നും ലഭികുന്ന ആനകളെ സംബന്ധിച്ച പൂര്‍ണവും വ്യക്തവുമായ വിവരങ്ങള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."