റേഷന്‍ കാര്‍ഡിലെ അനര്‍ഹര്‍:അധ്യാപകരും ക്യൂവിലുണ്ട്
എടച്ചേരി: സപ്ലൈ ഓഫിസില്‍ റേഷന്‍ കാര്‍ഡുമാറ്റത്തിന് വരി നില്‍ക്കുന്നവരില്‍ അധ്യാപകരും കുറവല്ല. ഇവരില്‍ പലരെയും കെണിയിലാക്കിയത് അപേക്ഷ പൂരിപ്പിച്ചു നല്‍കുമ്പോള്‍ ജോലിയുടെ കോളത്തില്‍ അധ്യാപനം എന്നെഴുതിയതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭാഷയില്‍ അധ്യാപനമെന്നത് സര്‍ക്കാര്‍ ജോലിയുടെ ഭാഗമായി കരുതുന്നില്ലത്രെ. അതിനാലാണ് അധ്യാപകര്‍ ഉള്‍പ്പെട്ട നിരവധി കാര്‍ഡുകള്‍ പൊതുവിഭാഗം സബ്‌സിഡിയില്‍ ഉള്‍പ്പെട്ടത്. ഇതിന്റെ കാരണമന്വേഷിച്ച് വടകര സപ്ലൈ ഓഫിസിലെത്തിയപ്പോഴാണ് കൗതുകകരമായ ഈ വിവരം ലഭിച്ചത്. മുന്‍ഗണന വിഭാഗത്തില്‍ പെട്ട് പോയ അധ്യാപകരില്‍ പലരും തങ്ങളുടെ കാര്‍ഡുകള്‍ അര്‍ഹതപ്പെടുന്ന വിഭാഗത്തിലേക്ക് മാറ്റാനുളള ബദ്ധപ്പാടിലാണ്.
കാര്‍ഡ് പ്രിന്റിങ് കൈകാര്യം ചെയ്ത ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കൈപ്പിഴ കാരണം ഇത്തരം പ്രയാസമനുഭവിക്കുന്ന നിരവധി പേരുടെ നീണ്ട നിരയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി ജില്ലയിലെ വിവിധ സപ്ലൈ ഓഫിസുകളില്‍ ഉള്ളത് . വടകരയില്‍ മാത്രം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാനൂറിലധികം അധ്യാപകരുടെ കാര്‍ഡുകള്‍ മാറ്റത്തിനെത്തിയതായി സപ്ലൈ ഓഫിസ് ജീവനക്കാര്‍ അറിയിച്ചു.
അതെ സമയം തങ്ങളുടെതല്ലാത്ത കാരണം കൊണ്ട് ബി.പി.എല്‍ വിഭാഗത്തില്‍ നിന്ന് എ.പി.എല്‍ വിഭാഗത്തിലായിപ്പോയവരുടെ കാര്യമാണ് ഏറെ കഷ്ടം. ദിവസവും ആയിരക്കണക്കിന് കാര്‍ഡുടമകളാണ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറാനായി അപേക്ഷകളുമായി സപ്ലൈ ഓഫിസുകള്‍ക്ക് മുമ്പില്‍ കാലത്ത് മുതല്‍ വൈകുന്നേരം വരെ വരി നില്‍ക്കുന്നത്.
ഇത്തരമൊരു അപേക്ഷ സ്വീകരിക്കുന്നതിനെ കുറിച്ച് ഒരറിയിപ്പും തങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സപ്ലൈ ഓഫിസര്‍മാരടക്കമുളള ജീവനക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഓഫിസിന് മുന്നിലെ വരിയുടെ നീളം കൂടി വരികയാണ്. അധ്യാപകര്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍ഗണന വിഭാഗത്തില്‍ പെട്ടു പോയെങ്കില്‍ അത് മാറ്റണമെന്ന കലക്ടരുടെ ഉത്തരവ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പ് തെറ്റായി പ്രചരിപ്പിച്ചതാണ് കാര്‍ഡുടമകള്‍ ഒന്നടങ്കം ഓഫിസുകളിലേക്ക് കുതിച്ചെത്താന്‍ കാരണമെന്നും ജീവനക്കാര്‍ അറിയിച്ചു. അതെ സമയം ഈയവസരം ശരിക്കും മുതലെടുക്കുകയാണ് സപ്ലൈ ഓഫിസുകളുടെ വരാന്തകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില 'എഴുത്തുകാര്‍ ' . കാര്‍ഡുടമകള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കലും വെളളക്കടലാസില്‍ എഴുതിക്കൊടുക്കലുമാണ് ഇവരുടെ ജോലി.
ഇവര്‍ക്ക് തുണയായി ചില ഫോട്ടോസ്റ്റാറ്റ് കടകളും ഈ കച്ചവടത്തിന് കൂട്ട് നില്‍ക്കുകയാണ്.അപേക്ഷകരില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്നത് മുതലെടുപ്പിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്. അപേക്ഷ കൊടുക്കുന്നെങ്കില്‍ തന്നെ അത് ഒരു വെളളക്കടലാസില്‍ മതിയെന്നാണ് സപ്ലൈ ഓഫിസ് ജീവനക്കാര്‍ പറയുന്നത്. ഇതിന് പകരം പ്രത്യേക അപേക്ഷ ഫോറമുണ്ടെന്ന് വരുത്തി തീര്‍ത്ത് അതിന്റെ കോപ്പിയെടുത്ത് തോന്നിയ വിലയ്ക്ക് വില്‍ക്കുന്നവരും കുറവല്ല. ചില വിരുതന്മാര്‍ ഇതോടൊപ്പം അഞ്ച് രൂപയും അതിലധികവും വിലയുളള സ്റ്റാമ്പും വേണമെന്ന് ആവശ്യക്കാരെ ബോധ്യപ്പെടുത്തുകയാണ്. എല്ലാം കൂടി ഒരപേക്ഷകനില്‍ നിന്ന് 50 രൂപ വരെ ഈടാക്കിയവരുമുണ്ട്. നികുതി ശീട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നവരും ഇത്തരം ' പുറത്തെ എഴുത്തുകാരില്‍ ' കാണുന്നു.
ഇത് കാരണം യഥാര്‍ഥത്തില്‍ വെട്ടിലായത് ഓഫിസ് ജീവനക്കാരാണ്. അവര്‍ക്ക് മേലെ നിന്ന് യാതൊരു ഉത്തരവുമില്ലാതെ തന്നെ ആയിരക്കണക്കിന് അപേക്ഷകള്‍ സ്വീകരിക്കേണ്ടിയും വരുന്നു. എന്നാല്‍ ഇത്തരം പുറംജോലിക്കാരെ ഓഫിസ് വരാന്തതകളില്‍ നിന്ന് മാറ്റാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നാണ് സപ്ലൈ ഓഫിസ് ജീവനക്കാര്‍ പറയുന്നത്.അതെ സമയം തഹസില്‍ദാര്‍ മുന്‍കൈ എടുത്താല്‍ പൊതു ജനങ്ങളുടെ അജ്ഞതയും ഭയവും മുതലെടുക്കുന്ന ' പുറം എഴുത്തുകാരെ ഒഴിവാക്കാന്‍ പറ്റുമെന്നും ജീവനക്കാര്‍ക്ക് അഭിപ്രായമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."