റേഷനരി കരിഞ്ചന്തയില്‍:വലിയങ്ങാടിയില്‍ സിവില്‍ സപ്ലൈസിന്റെ മിന്നല്‍ പരിശോധന
കോഴിക്കോട്: റേഷന്‍ വ്യാപാരികളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അരി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് വലിയങ്ങാടിയില്‍ സിവില്‍ സപ്ലൈസ് പരിശോധന നടത്തി.
ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ നിന്നും ചെറുവാഹനങ്ങളിലാണ് ഇവിടേക്ക് അരിയെത്തുന്നത്. ഇത്തരം അരിയും ഗോതമ്പും പ്രത്യേക പാക്കുകളിലായിട്ടാണ് ഇവിടെ നിന്നും വിപണിയിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക പാക്കിങ് സംവിധാനങ്ങളും മറ്റും കടകളില്‍ സജീകരിച്ചിട്ടുണ്ട്. വലിയങ്ങാടിയില്‍ ഈ പ്രവണത സ്ഥിരമാണെന്ന് വ്യാപാരികള്‍ പറയുന്നു.
രണ്ട് രൂപയുടെയും സൗജന്യമായി ലഭിക്കുന്ന റേഷനരിയും 20 രൂപ മുതലാണ് ഇവിടെ വില്‍ക്കുന്നത്. ഇത് പുതിയ പാക്കുകളിലാക്കി കൂടുതല്‍ വിലയ്ക്ക് മറിച്ചു വില്‍ക്കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്. മാസാന്ത്യത്തില്‍ വാങ്ങാത്ത ഉപഭോക്താവിന്റെ അരി വ്യാപാരികള്‍ ഇവിടെയെത്തിക്കുന്നതും പതിവാണ്. റേഷന്‍ വ്യാപാരികള്‍ക്ക് പുറമെ ഉപഭോക്താക്കളും അരിയെത്തിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മൊത്തമായും ചില്ലറയായും ഇവിടെ അരി സ്വീകരിക്കുന്നുണ്ട്. ഇന്നലെ വലിയങ്ങാടി ഹല്‍വ ബസാറിലെ കടയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 54 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും പിടിച്ചെടുത്തു.
ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ കെ. മനോജ്കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ ജയകുമാര്‍, സനല്‍കുമാര്‍, റേഷന്‍ ഓഫിസര്‍മാരായ സത്യജിത്, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പിടിച്ചെടുത്ത അരിയും ഗോതമ്പും റേഷന്‍ കടയില്‍ നിന്നുള്ളതാണോയെന്ന കാര്യം പരിശോധിക്കാനായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് സാംപിളുകള്‍ അയച്ചിട്ടുണ്ടെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ കെ. മനോജ്കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."