മാതൃകാ വി.എച്ച്.എസ്.ഇ കെട്ടിടം തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
കെട്ടിട നിര്‍മാണം പാതിവഴിയില്‍
തൃക്കരിപ്പൂര്‍: നാലുവര്‍ഷം മുന്‍പ് മാതൃകാ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിനായി സ്ഥാപിച്ച ശിലാഫലകം അലമാരക്കു പിന്നില്‍ ഉപേക്ഷിച്ച നിലയില്‍.
2006 - 2011 കാലത്തെ ഇടതു സര്‍ക്കാറിന്റെ അവസാന കാലത്ത് മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുകോടിയോളം രൂപ ചെലവില്‍ മാതൃകാ വി.എച്ച്.എസ്.ഇ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്.
കെട്ടിട നിര്‍മാണത്തിനായി 2009 ല്‍ 140 ലക്ഷം രൂപയുടെ ഭരണാനുമതിയും 2010ല്‍ 123 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും നല്‍കി.
കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവക്കുകയും ചെയ്തു.
സ്‌കൂളിന് മുന്നില്‍ പ്രധാന റോഡിനോട് ചേര്‍ന്നുള്ള കളിസ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനെതിരേ കായികപ്രേമികള്‍ രംഗത്തുവന്നതോടെയാണ് തല്‍ക്കാലം കെട്ടിട നിര്‍മാണം നിര്‍ത്തി വച്ചത്.
നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സ്‌കൂളിന് കിഴക്കു ഭാഗത്തുള്ള മൈതാനം കെട്ടിട നിര്‍മാണത്തിന് അനുവദിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനു ശേഷം 2012 മാര്‍ച്ച് ഒന്‍പതിന് അന്നത്തെ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെട്ടിട നിര്‍മാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
നാലുവര്‍ഷവും അഞ്ചു മാസവും കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തി മാത്രം തുടങ്ങിയില്ല. ആറുപതിറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും, ഹയര്‍സെക്കന്‍ഡറി ബാച്ചുകളും, യു.പി മുതല്‍ ഹൈസ്‌കൂള്‍ വരെയും പ്രവൃത്തിക്കുന്നുണ്ട്.
കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അനുവദിച്ച മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി മാതൃകാ വി.എച്ച്.എസ്.ഇ കെട്ടിടം അനുവദിച്ചെങ്കില്‍ നിലവിലെ സര്‍ക്കാര്‍ കെട്ടിട നിര്‍മാണ പ്രവൃത്തിയുടെ കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് സ്‌കൂള്‍ അധികൃതരും പി.ടി.എ കമ്മറ്റിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."