വേദികളില്‍ പരിപാടികള്‍ വൈകിയത് മണിക്കൂറുകള്‍; ഒപ്പന അവസാനിച്ചത് പുലര്‍ച്ചെ മൂന്നരക്ക്
നെയ്യാറ്റിന്‍കര: ജില്ലാ കലോത്സവത്തില്‍ പരിപാടികള്‍ വൈകിയത് മണിക്കൂറുകള്‍. ഇതില്‍ വേദി മൂന്നിലെ സംഘര്‍ഷം കാരണം ഒപ്പന മത്സരം വൈകിയത് മൂന്നു മണിക്കൂര്‍. ഒന്നാം ദിനം വൈകിട്ട് അഞ്ചിന് നടക്കേണ്ടിയിരുന്ന എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം ഒപ്പന മത്സരം ഗേള്‍സിലെ വേദിയിലെ പ്രശ്നം കാരണം വേദി അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം മത്സരം വൈകുകയും മത്സരാര്‍ഥികള്‍ ദുരിതത്തിലാവുകയും ചെയ്തിരുന്നു. ഒപ്പന മത്സരം കാണാന്‍ കാണികള്‍ നേരത്തെ തന്നെ വേദിയിലുമെത്തിയിരുന്നു. എന്നാല്‍ രാത്രി വളരെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇരു വിഭാഗങ്ങളിലുമായി പന്ത്രണ്ടു ടീമുകളാണ് മാറ്റുരച്ചത്. മത്സരങ്ങള്‍ വളരെ വാശിയേറിയതായിരുന്നു എങ്കിലും പാതിരാവോളം നീണ്ടതിനാല്‍ കാണികള്‍ നന്നേ കുറവായിരുന്നു.
പരിപാടികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് സംഘാടകര്‍ വളരെ വൈകിയും പരിപാടികള്‍ നടത്താന്‍ തയാറാവുകയായിരുന്നു. ഇതില്‍ ഒപ്പന നടന്ന സ്റ്റേജ് ഒഴികെ ഭൂരിഭാഗം സ്റ്റേജുകളിലും രാത്രി പന്ത്രണ്ടു വരെ മത്സരങ്ങള്‍ നീണ്ടു. മത്സരങ്ങളുടെ സമയ ക്രമം താളം തെറ്റിയതോടെ ചായം പൂശി വസ്ത്രങ്ങളണിഞ്ഞു മത്സരത്തിന് തയാറായി എത്തിയ മത്സരാര്‍ത്ഥികള്‍ മണിക്കൂറുകളോളം വേദികളില്‍ ഭക്ഷണവും വെള്ളവും കുടിക്കാന്‍ കഴിയാതെ ദുരിതത്തിലായി. ഇതിനെ തുടര്‍ന്ന് സംഘാടകരും രക്ഷകര്‍ത്താക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇന്നലെ രാവിലെ വഞ്ചി പാട്ട് മത്സരം കഴിഞ്ഞിറങ്ങിയ മത്സരാര്‍ത്ഥി കുഴഞ്ഞു വീണിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."