തെലങ്കാന എം.എല്‍.എയും പുറത്ത്; പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി
ഹൈദരാബാദ്: തെലങ്കാന എം.എല്‍.എയുടെ പൗരത്വം റദ്ദാക്കി. തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) എം.എല്‍.എ ചിന്നാമനേനി രമേശിന്റെ പൗരത്വമാണ് റദ്ദാക്കിയത്. വെമുലവാഡ എം.എല്‍.എയായ രമേശ് ജര്‍മന്‍ പൗരനാണെന്ന് കണ്ടെത്തിയാണ് നടപടി.
മൂന്ന് തവണ വെമുലവാഡ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയയാളാണ് രമേശ്.
ചട്ടലംഘനം ഉന്നയിച്ച് രമേശിനെതിരെ മത്സരിച്ച ആദി ശ്രീനിവാസ് എന്ന പ്രാദേശിക നേതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1990ല്‍ ജര്‍മനിയിലെത്തിയ രമേശ് 1993ല്‍ ജര്‍മന്‍ പൗരത്വം നേടിയിരുന്നു. എന്നാല്‍ 2008ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കുകയും ചെയ്തു. 2009ലാണ് അദ്ദേഹം ആദ്യമായി ജനവിധി തേടുന്നത്.
പൗരത്വ ചട്ടപ്രകാരം ഒരാള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് ചുരുങ്ങിയത് 12 മാസമെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. ഇക്കാര്യം ലംഘിച്ചെന്നാരോപിച്ചാണ് ശ്രീനിവാസ് പരാതി നല്‍കിയിരുന്നത്. മാത്രമല്ല നിശ്ചിത കാലയളവിനുള്ളില്‍ തന്നെ ഇയാള്‍ ജര്‍മനിയില്‍ പോയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
പരാതി പരിശോധിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റി പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് 2017ല്‍ പൗരത്വം റദ്ദാക്കി. എന്നാല്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നടപടി പുനഃപരിശോധനക്ക് വിട്ടു. എന്നാല്‍ ഈ വര്‍ഷം ജൂലായില്‍ കേസ് ഹൈക്കോടതി തള്ളി. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം പൗരത്വം വീണ്ടും റദ്ദാക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയിച്ച രമേശ് മൂന്നാം തവണയും നിയമസഭയിലെത്തി.
അതേസമയം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് രമേശ് വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ സി.എച്ച്.വിദ്യാസാഗര്‍ റാവുവിന്റെ അനന്തരവന്‍ കൂടിയാണ് രമേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."