ജില്ലാ വെറ്ററിനറി കേന്ദ്രം കൃഷിയുടെ ഹരിതാഭയിലേക്ക്
കൊല്ലം: ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ കാംപസ് ഹരിതാഭമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് ജില്ലാ മൃഗാശുപത്രിയിലെ 25 സെന്റ് സ്ഥലത്ത് ഗ്രോബാഗിലും നിലത്തും പച്ചക്കറിതൈകള്‍ നട്ട് കൃഷി ആരംഭിക്കുന്നത്.
സര്‍ക്കാര്‍ ഓഫിസുകളിലെ ലഭ്യമായ ഇടങ്ങള്‍ കൃഷിഭൂമിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൃഷി വകുപ്പിന്റെ ഹരിതസേനക്കാണ് കൃഷിയുടെ മേല്‍നോട്ടച്ചുമതല. 200 ഓളം ഗ്രോബാഗുകളിലാണ് തുടക്കത്തില്‍ തൈകള്‍ നടുന്നത്.
മൃഗാശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കുന്നുമുണ്ട്. തക്കാളി, മുളക്, വഴുതന, കാബേജ്, പയര്‍, പാവല്‍, ചീര, ഇലച്ചെടികള്‍ എന്നിവയാണ് കൃഷിയിനങ്ങള്‍. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എസ്.എം സാബു അധ്യക്ഷനായി. ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ.കെ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഡി ഷൈന്‍ കുമാര്‍, കൃഷി ഓഫിസര്‍ രാമചന്ദ്രന്‍, ഡോ. എസ്. ലതാകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."