ഫാത്തിമയുടേത് ആത്മഹത്യയല്ല, സ്ഥാപനവല്‍കൃത കൊലപാതകം- പ്രതിഷേധമുയര്‍ത്തി ഐ.ഐ.ടി ബോംബെ ഫോര്‍ ജസ്റ്റിസ്
മുംബൈ: ചെന്നൈ ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ നീതിക്കായി പ്രതിഷേധമുയര്‍ത്തി ബോംബെ ഐ.ഐ.ടി വിദ്യാര്‍ഥികള്‍. 'ഐ ഐ ടി ബോംബെ ഫോര്‍ ജസ്റ്റിസ്' എന്ന ബാനറിലായിരുന്നു പ്രതിഷേധം.
'പൂര്‍ണ്ണമായും വ്യത്യസ്തമായ സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒബിസി, മുസ്‌ലിം, ലൈംഗിക ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. ഒരുപാട് പ്രതീക്ഷകളുമായി കാമ്പസുകളിലേക്ക് എത്തുന്നവരാണ് ഇവരും. ഇവര്‍ക്കു വേണ്ട ഭരണഘടനാ സംരക്ഷണവും സ്ഥാപനവല്‍കൃത സംവിധാനങ്ങളും നല്‍കുന്നതില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന ഐ.ഐ.ടി കള്‍ നിരന്തരം പരാജയപ്പെടുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഫാത്തിമ ലത്തീഫെന്ന പത്തൊമ്പതുകാരിയുടെ ദാരുണവും ദുരൂഹവുമായ മരണം'- വിദ്യാര്‍ത്ഥികള്‍ പ്രസ്താവിച്ചു.
ഇക്കാരണം കൊണ്ട് തന്നെ, ഫാത്തിമയുടേത് ആത്മഹത്യയായി കാണാന്‍ കഴിയില്ലെന്നും മറിച്ചു ഒരു സ്ഥാപന വല്‍കൃത കൊലപാതകമായിട്ട് മാത്രമേ കാണാനാകൂവെന്നും വിദ്യാര്‍ഥികളിറക്കിയ പ്രസ്താവന നോട്ടില്‍ വ്യക്തമാക്കി. പ്ലക്കാഡുകളേന്തി, മുദ്രാവാക്യം വിളിച്ചു നൂറോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ വൈകുന്നേരം ഐ ഐ ടി ബോംബെ കാമ്പസില്‍ പ്രതിഷേധം പ്രകടനം നടത്തിയത്.
സ്ഥാപനത്തിന്റെയും പ്രൊഫസര്മാരുടെയും ജാതീയവും വര്‍ഗ്ഗീയവുമായ വിവേചനം വളരെ ശക്തമായി ഐ ഐ ടി കളില്‍ നിലനില്‍ക്കുന്നുണ്ട്. 'എന്റെ പേര് തന്നെ പ്രശ്‌നമാണെന്ന്' തന്റെ പിതാവിനോട് പങ്കു വെച്ച ഫാത്തിമയുടെ വാക്കുകള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. കുറ്റാരോപിതനായ ഐ ഐ ടി ഹ്യുമാനിറ്റീസ് പ്രൊഫെസ്സര്‍ സുദര്‍ശന്‍ പത്മനാഭനെതിരെ കൃത്യമായ അന്വേഷണം നടത്തുക,അന്വേഷണം കഴിയുന്നത് വരെ അവരെ സസ്‌പെന്‍ഡ് ചെയ്യുക, ഐ ഐ ടി, എന്‍ ഐ ടി, മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ എസ് സി എസ് ടി, ഒബിസി മൈനോറിറ്റി, ജെന്‍ഡര്‍ സെല്ലുകള്‍ തുടങ്ങുക, എല്ലാ ഉന്നത പൊതു സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി അധ്യാപകരുടെ റിസര്‍വേഷന്‍ നടപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഐ ഐ ടി മദ്രാസില്‍ മാത്രം നടന്നത് ആറു ആത്മഹത്യകളാണ്. ഐ ഐ ടി ബോംബെയില്‍ 2014ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ദളിത് വിദ്യാര്‍ത്തിയായ അനികേത് അംബോറെയുടേതും രക്ഷിതാക്കളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണ്. അനികേതിന്റെ ദുരൂഹ മരണമന്വേഷിച്ചു സുരേഷ് കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വെച്ച ശുപാര്‍ശകളിലൊന്നു പോലും ഐ ഐ ടി ബോംബെ ഇത് വരെ നടപ്പിലാക്കിയിട്ടില്ലെന്നത് ഉന്നത സ്ഥാപങ്ങളിലെ പിന്നോക്ക വിഭാഗങ്ങളോടുള്ള സമീപനങ്ങളുടെ സാക്ഷ്യമാണ്. കാംപസിലെ ചില സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടതിന് ശേഷവും റിപ്പോര്‍ട്ട് പുറത്തു പോലും വിടാതെ അധികാരികള്‍ അനാസ്ഥ കാണിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. നടന്നത്.
സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ കാമ്പസില്‍ വിവിധയിനം പരിപാടികള്‍ സംഘടിപ്പിക്കുന്ന അംബേദ്ക്കര്‍ പെരിയാര്‍ ഫുലെ സ്റ്റഡി സര്‍ക്കിള്‍, അംബേദ്ക്കറൈറ്റ്‌സ് സ്റ്റുഡന്റ്‌സ് കളക്ടീവ്, നോര്‍ത്ത് ഈസ്റ്റ് കളക്ടീവ്, മലയാളി ചര്‍ച്ചാവേദി തുടങ്ങിയ ഗ്രൂപ്പുകള്‍ ഇതിന്റെ ഭാഗമായിരുന്നു. ഐ ഐ ടി ബോംബെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഐ ഐ ടി ഡെല്‍ഹിയിലെ വിദ്യാര്‍ത്ഥികളും ഫാത്തിമ ലത്തീഫിന് നീതി തേടിയും മറ്റും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റു ഐ ഐ ടി വിദ്യാര്‍ത്ഥികളുമായി ബന്ധപെട്ട് അങ്ങോട്ടും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഐ ഐ ടി ബോംബെ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."