പ്രതിഷേധം കനക്കുന്നു; വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ സര്‍വജന സ്‌കൂളിലെ അധ്യാപകന്‍ സജിനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിലാണ് നടപടി. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പാമ്പുകടിയേറ്റ് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും രക്ഷിതാവെത്തുന്നതു വരെ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
സംഭവം സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, പ്രസ്തുത സ്‌കൂളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌നയുടെയും മകള്‍ ഷഹ്‌ല ഷെറിന്‍ (9) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍ ഭിത്തിയോട് ചേര്‍ന്ന മാളത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്ന് രക്തം വന്നതോടെ മറ്റു കുട്ടികള്‍ അധ്യാപകരെ വിവരം അറിയിച്ചു.പാമ്പുകടിയേറ്റതാണെന്ന് മനസിലായി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. കുട്ടിയുടെ രക്ഷിതാവെത്തിയിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു അധ്യാപകരുടെ നിലപാടെന്നും കുട്ടികള്‍ പറഞ്ഞു.പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാര്‍ഥിനി മരിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."