ഷഹ്‌ല ഷെറിന്‍: "പാമ്പിനേക്കാള്‍ വിഷം തീണ്ടിയ"വരുടെ അനാസ്ഥയുടെ രക്തസാക്ഷിയായതിങ്ങനെയാണ്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ഗവ. സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പുറത്ത് വരുന്നത് സ്‌കൂള്‍ അധികൃതരുടെ ഗുരുതര കൃത്യവിലോപം.
വൈകിട്ട് മൂന്നിനും 3.15നും ഇടയിലാണ് ക്ലാസ് മുറിയില്‍ നിന്ന് ഷഹ്‌ലക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ക്ലാസ് റൂമില്‍ രൂപപ്പെട്ട പൊത്തില്‍ ഷ്ഹലയുടെ കാല്‍ കുടുങ്ങുകയും കടിയേല്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് മറ്റു കുട്ടികള്‍ അധ്യാപികയോട് സംഭവം അറിയിച്ചു. എന്നാല്‍ പിന്നീട് കുട്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ അലംഭാവം കാണിച്ചതാണ് മരണത്തിന് കാരണമായത്. 3.15ന് സംഭവം നടന്നിട്ടും കുട്ടിയുടെ രക്ഷിതാവ് സ്‌കൂളിലെത്തുന്നതുവരെ കുട്ടിയെ ചികിത്സ നല്‍കാതെ സ്‌കൂളില്‍ നിര്‍ത്തുകയായിരുന്നു അധികൃതര്‍.
ഗൂഡല്ലൂര്‍ റോഡില്‍ ബത്തേരി നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്നതാണ് സ്‌കൂള്‍. മൂന്നോ നാലോ മിനിറ്റ് കൊണ്ട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിക്കാമായിരുന്നു. അതിലും അടുത്ത് സ്വകാര്യ ആശുപത്രികളും ഉണ്ടെന്നതാണ് വസ്തുത. എന്നിട്ടും അങ്ങനെയൊന്നുണ്ടായില്ല.
കുട്ടിയുടെ രക്ഷിതാവ് അഡ്വ.അസീസ് സ്‌കൂളിലെത്തിയാണ് 3.50ഓടെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്‌കൂളിലെ എന്‍.സി.സിയുടെ ജീപ്പിലാണ് കൊണ്ടുപോയതെന്ന് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു. തങ്ങള്‍ അധ്യാപകരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരും അതുചെവികൊണ്ടില്ലെന്നും ഞങ്ങളെ അവിടെ നിന്നും ഒഴിവാക്കുകയാണുണ്ടായതെന്നും കുട്ടികള്‍ ആരോപിക്കുന്നുണ്ട്.
പിതാവ് കുഞ്ഞിനെയും കൊണ്ട് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കുഞ്ഞ് ചര്‍ദിച്ചു. ഇതോടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കുഞ്ഞുമായി രക്ഷിതാക്കള്‍ കോഴിക്കോടിന് തിരിച്ചെങ്കിലും വൈത്തിരിക്ക് സമീപമെത്തിയപ്പോഴേക്കും ആരോഗ്യനില വഷളായി. വൈകിട്ട് 7.30ഓടെ തൊട്ടടുത്ത ചേലോട് സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ഇവിടെയെത്തി മിനിറ്റുകള്‍ക്കകം തന്നെ കുട്ടി മരിക്കുകയായിരുന്നു.
അപ്പോഴേക്കും പാമ്പുകടിയേറ്റ് നാല് മണിക്കൂറ് കഴിഞ്ഞിരുന്നു. പരുക്കേറ്റ സമയത്ത് തന്നെ ആശുപത്രിയിലെത്തിക്കുകയും കൃത്യമായ ചികിത്സ നല്‍കുകയും ചെയ്തിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്നാണ് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
കടുത്ത അമര്‍ഷത്തിലായിരുന്നെങ്കിലും ബുധനാഴ്ച രാത്രി നാട്ടുകാര്‍ സംയമനം പാലിച്ചു. ഇന്നലെ രാവിലെ പത്തോടെ സ്‌കൂളിലെത്തി തുടങ്ങിയ രക്ഷിതാക്കളില്‍ നിന്ന് ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. കുട്ടികള്‍ കൂടി സ്‌കൂളിലെത്തിയതോടെ പ്രതിഷേധം ശക്തിപ്പെടുകയായിരുന്നു.
പിന്നീട് ഷഹ്‌ല ഷെറിന്റെ ഖബറടക്കം കഴിഞ്ഞ് ഒരു മണിയോടെ നാട്ടുകാര്‍ സ്‌കൂളിലേക്ക് സംഘടിച്ചെത്തുകയായിരുന്നു. ഇതോടെ പ്രതിഷേധവും ശക്തമായി. വിദ്യാര്‍ഥി യൂണിയനുകളും സ്‌കൂളിലെത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."