കില ഏറ്റെടുത്ത കരിമ്പത്തെ ഇ.ടി.സിയോട് അവഗണന
തളിപ്പറമ്പ്: കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ഏറ്റെടുത്ത കരിമ്പം ഇ.ടി.സി അധികൃതരുടെ അവഗണന നേരിടുന്നു. ഏറ്റെടുക്കുമ്പോള്‍ ഇ.ടി.സിയെ അന്തര്‍ ദേശീയ പ്രാധാന്യമുള്ള മികവിന്റെ കേന്ദ്രവും മാലിന്യ സംസ്‌കരണവും ജൈവകൃഷിയും പരിശീലിക്കാനുള്ള പഠനപരിശീലന കേന്ദ്രവുമാക്കിമാറ്റുമെന്നായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍, ഏറ്റെടുത്ത് 20 മാസം പിന്നിട്ടിട്ടും ബോര്‍ഡ് മാറ്റിയതൊഴിച്ചാല്‍ ഇ.ടി.സി മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. കൊട്ടാരക്കര, കരിമ്പം, മണ്ണൂത്തി എന്നിവിടങ്ങളില്‍ വിവിധ പരിശീലന പരിപാടികള്‍ നടത്തിവരുന്ന മൂന്ന് ഇ.ടി.സികളാണ് കില ഏറ്റെടുത്തിരുന്നത്. കൊട്ടാരക്കരയില്‍ സാമൂഹ്യ സാമ്പത്തിക വികസന കേന്ദ്രം, മണ്ണൂത്തിയില്‍ സല്‍ഭരണകേന്ദ്രം, കരിമ്പത്ത് മാലിന്യനിയന്ത്രണവും ജൈവകൃഷിയും പരിശീലിക്കാനുള്ള പഠനപരിശീലന കേന്ദ്രവുമായിരുന്നു ലക്ഷ്യം. 1952 ലാണ് ഗാന്ധിയന്‍ മാതൃകയില്‍ ഗ്രാമസേവകര്‍ക്ക് പരിശീലനം നല്‍കുന്നതിന് 25 ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച ഗ്രാമസേവക പരിശീലന കേന്ദ്രം പിന്നീട് വികസന പരിശീലനകേന്ദ്രമാക്കി മാറ്റുകയായിരുന്നു.
നേരത്തേ നടന്നിരുന്ന പരിശീലനങ്ങള്‍ക്കൊപ്പം കിലയുടെ നവകേരള മിഷന്‍, ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്കുള്ള പരിശീലനം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് അധ്യാപകര്‍ക്കുള്ള പരിശീലനം എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. അന്‍പത് പേര്‍ വീതമുള്ള നാല് ബാച്ചുകളായി 200 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എന്നാല്‍ 100 പേര്‍ക്ക് താമസിച്ച് പരിശീലനം നേടാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളതെന്ന് പ്രിന്‍സിപ്പല്‍ കെ.എം ശശിധരന്‍ പറഞ്ഞു.
പരിശീലനത്തിനുള്ള ഫണ്ടുകള്‍ കില നല്‍കുമെങ്കിലും ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഒരു രൂപ പോലും ഇതേവരെ അനുവദിച്ചിട്ടില്ല. ഒരു കോടി രൂപ ചെലവില്‍ ഹോസ്റ്റലും ക്ലാസ് മുറികളും നിര്‍മിക്കാനുള്ള പദ്ധതികള്‍ കിലക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ഓഫിസ്, ഓഡിറ്റോറിയം, ക്വാര്‍ട്ടേഴ്‌സ് എന്നിവയൊക്കെ 66 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പലതും അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാനാവാത്തവിധം അപകടത്തിലാണ്. ഈ സ്ഥാപനത്തോടുള്ള അധികൃതരുടെ കടുത്ത അവഗണന അവസാനിപ്പിച്ച് വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."