മുളിയങ്ങല്‍ -ചേനോളി കനാല്‍ റോഡ്: ടാര്‍ ഉണങ്ങും മുന്‍പേ റോഡ് തകര്‍ന്നു
പേരാമ്പ്ര: ടാറിങ് കഴിഞ്ഞ് ഒരുമാസം തികയുംമുന്‍പേ മുളിയങ്ങല്‍-ചേനോളി കനാല്‍ റോഡ് തകര്‍ന്നു. മുളിയങ്ങല്‍ പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നു സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന വാല്യക്കോട്, മുളിയങ്ങല്‍ റോഡാണ് തകര്‍ന്നത്. എം.എല്‍.എ ഫണ്ടില്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് പ്രവൃത്തി നടന്നത്. ആവശ്യമായ ടാറും മറ്റു അസംസ്‌കൃത വസ്തുക്കളും ഉപയോഗിക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ തുടക്കം മുതല്‍ അവസാനം വരെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
നേരത്തെ പെയ്ത മഴയില്‍ ടാര്‍ ചെയ്ത ഭാഗം കുത്തിയൊലിച്ചു പോയതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്കും മുന്‍ എം.എല്‍.എക്കും മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകന്‍ വല്‍സന്‍ എടക്കോടന്‍ ജില്ലാ കലക്ടര്‍ക്കും വിജിലന്‍സ് മുന്‍പാകെയും പ്രവൃത്തിയില്‍ അഴിമതി നടന്നതായി കാണിച്ച് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫിസിന്റെ കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ റോഡ് ഉദ്ഘാടനംകൂടി ധനമന്ത്രി തോമസ് ഐസക്കിനെ കൊണ്ട് നിര്‍വഹിപ്പിക്കുകയായിരുന്നു. അന്വേഷണം വന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് മുന്നറിയിപ്പില്ലാതെ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനും എളുപ്പത്തില്‍ യാത്ര ചെയ്യാനും കഴിയുന്ന റോഡിന്റെ ചേനോളി വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരമാണ് ടാറിങ് ചെയ്തത്. വാല്യക്കോട്, വടകര റോഡില്‍ ബന്ധിപ്പിക്കാന്‍ രണ്ടു കിലോമീറ്ററോളം ദൂരമിനിയും ബാക്കിയുണ്ട്. ചേനോളി-മുളിയങ്ങല്‍ ഒന്നര കിലോമീറ്റര്‍ കനാല്‍ റോഡ് ടാറിങ് ചെയ്യുന്നതിനായി 84 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രവൃത്തി കരാര്‍ എടുത്തവര്‍ ഉപകരാര്‍ നല്‍കിയാണ് നിലവില്‍ ടാറിങ് പ്രവൃത്തി നടത്തിയത്.
പ്രവൃത്തിയിലെ അഴിമതി പുറത്ത് കൊണ്ടുവരണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."