ലോകസഭാ തെരഞ്ഞെടുപ്പ് മാണിക്ക് വെല്ലുവിളിയാകും
കോട്ടയം: കേരള കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണി വിട്ടത് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തും. യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളെ ഉപേക്ഷിച്ച് എന്‍.ഡി.എ സഖ്യം ഉണ്ടാക്കിയാലും കുത്തക കേന്ദ്രത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
മാണി എന്‍.ഡി.എ സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ ക്രൈസ്തവ സഭകളുടെ പിന്തുണ പാര്‍ട്ടിക്ക് നഷ്ടമാകും. ഈ സാഹചര്യത്തില്‍ കോട്ടയം ,പത്തനംതിട്ട മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയെന്നതാവും പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി . നാളിതുവരെ കേരള കോണ്‍ഗ്രസിന്റെ ശക്തിയായിരുന്ന സഭയുമായുള്ള ബന്ധം മുന്നണിക്ക് നഷ്ടമാകുമെന്നതിനാല്‍ ബി.ജെ.പിയുമായി ഉടന്‍ സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതയും കുറവാണ്. അതിനാല്‍ യു.ഡി.എഫ് വിട്ടത് പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ മുന്നണി വിടല്‍ അണികളിലുണ്ടാക്കുന്ന മാറ്റവും ശ്രദ്ധേയമാകും.നേതൃത്വം എടുക്കുന്ന തീരുമാനം താഴേത്തട്ടിലുള്ളവര്‍ക്ക് വിശ്വസനീയമായില്ലെങ്കില്‍ പാര്‍ട്ടിക്ക് വന്‍ ക്ഷീണമാകും എല്‍ക്കേണ്ടി വരിക.
ഇടതുപക്ഷത്തിന് അനുകൂലമായി നിന്നിരുന്ന എസ്.എന്‍.ഡി.പി പിന്നീട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എ സഖ്യം ഉണ്ടാക്കിയപ്പോള്‍ എല്‍ക്കേണ്ടിവന്ന പരാജയമാകും ഒരുപക്ഷേ, കേരള കോണ്‍ഗ്രസിന് തനിച്ച് നിന്നാല്‍ നേരിടേണ്ടി വരിക. മാത്രമല്ല, പാര്‍ട്ടിക്ക് കോട്ടയം മണ്ഡലത്തിലും മറ്റും തനിച്ച് ജയിക്കുക അപ്രാപ്യമാണ്.ഇത്തരത്തിലുളള മുന്നണി വിടല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക ഇടതുപക്ഷത്തിനാകും. പാലായില്‍ തന്നെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെന്ന് മാണി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ വരുന്ന ഇലക്ഷന്‍ തലവേദന സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
മാറിയ സാഹചര്യം 120000 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ കോട്ടയം ലോകസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ജോസ് കെ മാണിക്ക് വരുന്ന തെരഞ്ഞെടുപ്പ് വെല്ലുവിളി ഉയര്‍ത്തും.
ജില്ലയില്‍ യു.ഡി.എഫിലെ മുന്നണികളുടെ പിന്തുണയില്ലാതെ വിജയം അപ്രാപ്യമാവുമെന്നും ഉറപ്പ്.മാണിയുടെ സ്വന്തം മണ്ഡലമായ പാലായില്‍ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂരിന് ലഭിച്ചത് വന്‍ ഭൂരിപക്ഷവും. ഇത്തരത്തില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുമ്പോള്‍ കേരള കോണ്‍ഗ്രസ് പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
കൂടുതല്‍ കാലം കേരള കോണ്‍ഗ്രസിന് തനിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന വിരയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. കെ.എം മാണിയെ ബി.ജെ.പിയില്‍ എത്തിച്ച് കോട്ടയത്ത് ബി.ജെ.പിയുടെ വേരോട്ടം ശക്തിപ്പെടുത്താമെന്ന ആലോചനയിലാണ് ബി.ജെ.പി. എന്നാല്‍ ഈ നീക്കവും എത്രമാത്രം യാഥാര്‍ഥ്യമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ഇന്നലെ വരെ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് വിരുദ്ധമായി, ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ പ്രവേശിച്ചാല്‍ അനുഭാവികള്‍ അതിനെ സ്വാഗതം ചെയ്യുവാനും സാധ്യതയും കുറവുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."