കല്‍പ്പറ്റയില്‍ വൈദ്യുതി മുടക്കത്തിന് അറുതി വരുന്നു
കല്‍പ്പറ്റ: നഗരത്തില്‍ 24 മണിക്കൂറും മികച്ച വോള്‍ട്ടേജില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് സമഗ്ര ഊര്‍ജ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. 12.22 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ സെന്‍ട്രല്‍ എയ്ഡഡ് പ്രൊജക്ട്‌സ് ആന്‍ഡ് സേഫ്റ്റി(സി.എ.പി.എസ്) വിഭാഗം 2015ല്‍ ഡല്‍ഹിയിലെ റൂറല്‍ ഇലക്ട്രിസിറ്റി കോര്‍പറേഷനു സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരമായി. 2018 മാര്‍ച്ചോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെ.എസ്.ഇ.ബിയെന്ന് ജില്ലയില്‍ സി.എ.പി.എസ് ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്‍.ജെ ചന്ദ്രദാസ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 കിലോമീറ്റര്‍ എരിയല്‍ ബെഞ്ച്ഡ് ഹൈടെന്‍ഷന്‍ കേബിളും 20.3 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും വലിക്കും. കൂട്ടമുണ്ട സബ്‌സ്റ്റേഷനില്‍ നിന്ന് ട്രാഫിക് ജങ്ഷന്‍ വരെ 8.3ഉം മണിയങ്കോട് സബ്‌സ്റ്റേഷനില്‍ നിന്ന് കൈനാട്ടി ജങ്ഷന്‍ വരെ 6.2ഉം ചുങ്കം ജങ്ഷന്‍ വരെ 5.8ഉം കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളാണ് സ്ഥാപിക്കുക. നഗരത്തില്‍ നിലവിലുള്ള 11 കെ.വി ലൈനുകള്‍ അതേപടി നിലനിര്‍ത്തും.
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. 63 വീതം സിംഗിള്‍ ഫേസ്, ത്രീ ഫേസ് മീറ്ററുകളാണ് സ്ഥപിക്കുക. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു നഗരത്തിലെ 10 ട്രാന്‍സ്‌ഫോര്‍മറുകളുടെ സ്ഥാപിതശേഷി 100 കെ.വിയില്‍ നിന്ന് 160 കെ.വിയായി വര്‍ധിപ്പിക്കും. ഏഴ് കിലോമീറ്റര്‍ പുതിയ ത്രീ ഫേസ് ലൈന്‍ വലിക്കും. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ലൈന്‍ ഉള്‍പ്പെടെയായിരിക്കും ഇത്. നിലവിലുള്ളതില്‍ ആറര കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ ത്രീ ഫേസാക്കും.
മണിയങ്കോട് സബ്‌സ്റ്റേഷനില്‍ നിന്നാണ് നഗരത്തില്‍ വൈദ്യുതിയെത്തുന്നത്. ബാക്ക്അപ്പ് സംവിധാനം നിലവിലില്ല. കൂട്ടമുണ്ട സബ്‌സ്റ്റേഷനില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. നഗരപരിധിയിലെ തകരാറിലായ മീറ്ററുകളുടെ പുനഃസ്ഥാപനവും പദ്ധതിയുടെ ഭാഗമാണ്. ജില്ലയിലെ നഗരസഭകളില്‍ കല്‍പ്പറ്റയില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു.
മാനന്തവാടി, ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കല്‍പ്പറ്റ നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി മുടക്കത്തിനും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."