റെയില്‍വേ ക്വാര്‍ട്ടേഴ്സ് പരിസരം അടിയന്തരമായി വൃത്തിയാക്കണം: ജില്ലാ കലക്ടര്‍
കോഴിക്കോട്: റെയില്‍വെ ക്വാര്‍ട്ടേഴ്സ് പരിസരം അടിയന്തരമായി കാട് വെട്ടിമാറ്റി വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു റെയില്‍വെ സ്റ്റേഷന് മാനേജര്‍ കെ.വി. വിജയകുമാറിന് നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. 1.8 ഏക്കര്‍ വരുന്ന പ്രദേശത്തെ 15 ക്വാര്‍ട്ടേഴ്സില്‍ ആറെണ്ണം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ സമൂഹ്യവിരുദ്ധര്‍ താവളമാക്കുകയാണെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ ക്വാട്ടേഴ്സ് പരിസരത്ത് രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിക്കാനും കലക്ടര്‍ നിര്‍ദേശം നല്കി.
ക്വാര്‍ട്ടേഴ്സ് പരിസരം അസിസ്റ്റന്റ് കലക്ടര്‍ കെ.എസ് അഞ്ജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്, ടൗണ്‍ സി.ഐ സുഭാഷ്ചന്ദ്രന്, വില്ലേജ് ഓഫിസര്‍ (ടൗണ്‍) ഒ. ഉമാകാന്ത്, ആര്.പി.എഫ് ഇന്‍സ്പെക്റ്റര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."