യുവാവിന്റെ കൊലപാതകം; മൂന്നുപേര്‍ അറസ്റ്റില്‍
മാനന്തവാടി: യുവാവിനെ പുഴയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിങ്കലിലെ, അവനവന്‍ചേരി തച്ചര്‍കുന്നില്‍ എസ്.എല്‍ മന്ദിരത്തിലെ സുലിലി(30)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൊയിലേരി ഊര്‍പ്പള്ളിപൊയില്‍ വേലിക്കോത്ത് അമ്മു(38), മണിയാറ്റിങ്കല്‍ വീട് പ്രശാന്ത് എന്ന ജയന്‍(36), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍(52) എന്നിവരെ അറസ്റ്റ് ചെയ്തത്.
കൊയിലേരി റോഡില്‍ താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയോടൊപ്പമായിരുന്നു സുലിലിന്റെ താമസം. ഇതിനിടെ സെപ്റ്റംബര്‍ 26നാണ് ഊര്‍പ്പള്ളിയില്‍ കബനി പുഴയോരത്ത് മരിച്ച നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. 23 മുതല്‍ ഇയാളെ കാണാതായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെള്ളത്തില്‍ മുങ്ങി മരിച്ചെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനിടെ സുലിലിനൊടൊപ്പം താമസിച്ചിരുന്ന യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല.
എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ കേസില്‍ തുമ്പുണ്ടാവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുകയും മുമ്പ് ചോദ്യം ചെയ്തവരെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന അമ്മുവിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റ ചുരുളഴിഞ്ഞത്.
അമ്മുവും, ജയനും ചേര്‍ന്ന് യുവാവിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും കാവലന്റെകൂടി സഹായത്തോടെ മൃതദേഹം പുഴയില്‍ കൊണ്ടിടുകയുമായിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് പറഞ്ഞു. സ്ഥലം വിറ്റ് കിട്ടിയ വകയില്‍ ഭീമമായ തുക കൊല്ലപ്പെട്ട യുവാവിന്റെ കൈവശമുണ്ടായിരുന്നു. ഇത് സംമ്പന്ധിച്ച് വ്യക്തതയുണ്ടാവണമെങ്കില്‍ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലിസ് പറയുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര അമ്മുവിന്റെ വീട്ടില്‍ നിന്നും പൊലിസ് കണ്ടെടുത്തു. മാനന്തവാടി സി.ഐ പി.കെ മണി, എസ്.ഐ രതീഷ് തെരുവത്ത്പിടികയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയതത്. സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലിസ് അന്വേഷിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."