ആടുകള്‍ക്ക് ഇനി തെരുവ് നായ്ക്കളെ ഭയക്കണ്ട; ഹൈട്ടെക് ആട്ടിന്‍കൂട് റെഡി
കടുത്തുരുത്തി: വെള്ളാശ്ശേരി ഹൈമ ഡയറിഫാമിലെ ആടുകള്‍ക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട. കമ്പിയും ഷീറ്റും ഉപയോഗിച്ചു സുരക്ഷയ്ക്കു മുന്‍കരുതല്‍ നല്‍കി പ്രത്യേക രീതിയില്‍ ഉണ്ടാക്കിയ ഹൈടെക്ക് ആട്ടിന്‍കൂടാണ് വെള്ളാശ്ശേരി മായാമന്ദിരത്തില്‍ മധുസൂദനന്‍ നമ്പൂതിരി നിര്‍മിച്ചിരിക്കുന്നത്.
16 ആടുകളെ സുഖമായി വളര്‍ത്താന്‍ കഴിയുന്ന കൂടിന് 25000 രൂപയോളമാണ് നിര്‍മാണ ചിലവ്. നിലത്തും നിന്നും മൂന്ന് അടി ഉയരത്തിലാണ് ആടുകള്‍ നില്‍ക്കുന്ന തട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ പലകകള്‍ സ്ഥാപിച്ചു ആടുകള്‍ക്ക് നില്‍ക്കുന്നതിനും കിടക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ തട്ടില്‍ നിന്നുക്കൊണ്ട് ആടുകള്‍ക്ക് തല വെളിയിലേക്ക് ഇട്ടുക്കൊണ്ട് പുല്ല് തിന്നാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തീറ്റ നല്‍കാനും മിച്ചം വരുന്നവ നീക്കം ചെയ്യാനും ആളുകള്‍ക്ക് കൂടിനകത്ത് കേറേണ്ട ആവശ്യമില്ല.
കൂടാതെ കാഷ്ടവും മൂത്രവും പുറത്തേക്ക് എത്തിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കൂട്ടില്‍നിന്നും താഴേക്ക് ഒഴുകുന്ന മൂത്രം ഓവിലൂടെ ഒഴുകിയെത്തുന്നത് പാത്രത്തിലേക്കാണ്. ആടുകള്‍ നില്‍ക്കുന്ന തട്ടില്‍ നിന്നും ആറ് അടി ഉയരത്തിലാണ് ഷീറ്റുപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന മേല്‍തട്ട്. കനമുള്ള കമ്പികള്‍ കൊണ്ടാണ് കൂട് നിര്‍മിച്ചിരിക്കുന്നത്. കൂട്ടിനകത്ത് നില്‍ക്കുന്ന ആളുടെ തല മേല്‍തട്ടില്‍ തട്ടില്ലെന്നതും പ്രത്യേകതയാണ്. കൂടാതെ ആടുകളെ കറക്കുന്നതിനായി കൂടിനകത്ത് തന്നെ സൗകര്യങ്ങളുണ്ട്. ആത്മയുടെ സ്റ്റഡി ടൂറിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോഡ് മേഖലകളില്‍ സന്ദര്‍ശിച്ചപ്പോളാണ് ഇത്തരത്തിലുള്ള കൂട് മധുവിന്റെ ശ്രദ്ധയില്‍പെട്ടത്. പിന്നീട് തെരുവ് നായ്ക്കള്‍ കടിച്ചു കൂട്ടിലെ ആട് ചത്തതോടെയാണ് നായ്ക്കളില്‍ നിന്നും ആടുകളെ രക്ഷിക്കാന്‍ ഹൈടെക് കൂട് നിര്‍മിക്കാന്‍ മധു തീരുമാനിച്ചത്. എത്രയൊക്കെ ശ്രമിച്ചാലും തെരുവ് നായ്ക്കള്‍ക്ക് ഈ കൂട്ടില്‍ കയറി ആടുകളെ ഉപദ്രവിക്കാന്‍ കഴിയില്ലെന്നും മധു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."