യാത്രക്കാരുടെ നടുവൊടിച്ച് സംസ്ഥാന പാത
കുറ്റ്യാടി: കുണ്ടും കുഴിയുമായി സംസ്ഥാന പാത യാത്രക്കാരുടെ നടുവൊടിക്കുന്നു. കുറ്റ്യാടി-വയനാട് സംസ്ഥാന പാതയിലാണ് റോഡ് പൊട്ടിത്തകര്‍ന്ന് യാത്ര ദുഷ്‌ക്കരമായത്. കാഞ്ഞിരോളിപ്പീടിക, കൊടക്കല്‍, ദേവര്‍കോവില്‍ അക്യുഡേറ്റ് പാലം, മൂന്നാംകൈ, പക്രന്തളം ചുരം എന്നിവിടങ്ങളില്‍ വന്‍കുഴികളാണ് ഇതിനോടകം രൂപപ്പെട്ടിരിക്കുന്നത്. ഇതില്‍ കാഞ്ഞിരോളിപ്പീടിക, പക്രന്തളം ചുരം ഭാഗങ്ങളില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു.
ഇതിനിടെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് താല്‍ക്കാലിക ആശ്വാസമെന്നോണം ഈ ഭാഗങ്ങളില്‍ കഴിഞ്ഞ മാസം അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും കാര്യക്ഷമമല്ലാത്തതിനാല്‍ മഴയില്‍ അതും തകര്‍ന്നിരിക്കുകയാണ്.
വലിയ കുഴികളുള്ള ഭാഗങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഭാരം കയറ്റിയ വാഹനങ്ങള്‍ ഇതുവഴി പോകുമ്പോള്‍ ഭാഗികമായ ഗതാഗത തടസവും പതിവായിരിക്കുകയാണ്.
അതേസമയം, അഞ്ചുവര്‍ഷം മുന്‍പ് കെ.എസ്.ടി.പി.എ ടാറിങ് നടത്തി നവീകരിച്ച റോഡിന്റെ കരാര്‍ കലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തകര്‍ച്ച നേരിട്ട് റോഡ് ഗതാഗത യോഗ്യമല്ലാതായത്. കുറ്റ്യാടി മുതല്‍ നിരവില്‍പ്പുഴ വരെ 20 കിലോമീറ്റര്‍ ഭാഗമാണിത്. എന്നാല്‍ തകര്‍ച്ച കരാര്‍ കലാവധിക്ക് മുന്‍പെ ആണെങ്കിലും ഉണ്ടായ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടെ റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും നാട്ടുകാരും പഞ്ചായത്ത് അധികൃതരും നല്‍കിയ പരാതിയും ജലരേഖയായിരിക്കുകയാണ്.
അവഗണന തുടരുന്നതില്‍ പ്രതിഷേധിച്ച് കാഞ്ഞിരോളിപ്പീടികയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വാഴനട്ടു പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."