പൊതുസ്ഥലങ്ങളില്‍ അന്തിയുറങ്ങുന്ന ഭവനരഹിതര്‍
മാനന്തവാടി: തെരുവോരങ്ങളിലും പൊതു സ്ഥലങ്ങളിലും അന്തിയുറങ്ങുന്നവര്‍ക്ക് തുണയാകാന്‍ അഭയകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് തെരുവില്‍ കഴിയുന്ന ഭവന രഹിതര്‍ക്ക് അഭയകേന്ദ്രമൊരുക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള മാനന്തവാടി നഗരസഭയില്‍ ആരംഭിച്ച സര്‍വേ അവസാനഘട്ടത്തിലാണ്. ഈമാസം 18ന് തുടങ്ങിയ സര്‍വേയില്‍ ഇതിനകം 32 പേരെയാണ് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും കണ്ടത്തിയത്.
മാനന്തവാടി ബസ് സ്റ്റാന്‍ഡ് പരിസരത്തും ക്ലബു കുന്നിലുമാണ് ആളുകളെ കൂടുതലായി കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ ഇതര സംസ്ഥാനക്കാരും ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ കണ്ടെത്തിയ 32 പേരില്‍ നാലുപേര്‍ കുടുംബ സമേതം തെരുവിലാണ് അന്തിയുറങ്ങുന്നത്. മറ്റുള്ളവരില്‍ ഏറെയും അനാഥരാണ്. ഭൂരിഭാഗം പേരും ആക്രിക്കച്ചവടം ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തുന്നവരാണ്.
എന്നാല്‍ ഭിക്ഷാടനം നടത്തി ജീവിക്കുന്നവരെയും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി ഒന്‍പതുമണി മുതല്‍ ഒരു മണി വരെയാണ് സര്‍വേ നടത്തുന്നത്. പൊതു സ്ഥലങ്ങളില്‍ എത്തിച്ചേരാനുണ്ടായ സാഹചര്യം, തെരുവില്‍ താമസമാക്കിയിട്ട് എത്ര കാലം, തൊഴില്‍, വരുമാനം, ആരോഗ്യസ്ഥിതി, അഗതിമന്ദിരങ്ങളില്‍ താമസിക്കുന്നതിനോടുള്ള താല്‍പര്യം തുടങ്ങിയ കാര്യങ്ങളാണ് സര്‍വേയില്‍ ചോദിച്ചറിയുന്നത്. നഗരത്തില്‍ ഇത്തരം ആള്‍ക്കാരെ കണ്ടെത്തുന്നതിനായി പൊലിസ് ഉദ്യോഗസ്ഥര്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, രാത്രി കാല കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് സര്‍വേ.
സര്‍വേയില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ക്കനുസരിച്ച് എന്‍.യു.എല്‍.എം പദ്ധതി രൂപരേഖ തയാറാക്കി നഗരസഭകള്‍ക്ക് നല്‍കും. നഗരസഭ തങ്ങളുടെ പരിധിയിലുള്ള സ്ഥലത്ത് അഭയകേന്ദ്രം പണിയാനുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കുകയും ദേശീയ നഗര ഉപജീവന മിഷന്‍ കെട്ടിടം നിര്‍മിച്ച് നല്‍കുകയുമാണ് ചെയ്യുക. മുഴുവന്‍ നഗരസഭാ പ്രദേശങ്ങളിലും സുസ്ഥിര അഭയകേന്ദ്രങ്ങളാണ് ഒരുക്കുക.
ഇവിടെ സുരക്ഷിതത്വം, ശുചിത്വ സൗകര്യങ്ങള്‍, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പ് വരുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കും അഭയകേന്ദ്രങ്ങള്‍. കൂടാതെ നഗരത്തില്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നവര്‍ക്ക് തടസം കൂടാതെ ഏത് സമയത്തും ജോലിക്കായി പോകുന്നതിനും തിരികെ വരുന്നതിനും ഉതകുന്ന രീതിയിലുമായിരിക്കും അഭയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
സര്‍വേ പ്രകാരം ശേഖരിച്ച വിവരങ്ങള്‍ കുടുംബശ്രീ ഡയറക്ടറേറ്റിന്റെ കീഴില്‍ വരുന്ന സംസ്ഥാന മിഷന് ഓഗസ്റ്റ് 10ന് സമര്‍പ്പിക്കണം.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ താമസിക്കുന്നവര്‍, സാമൂഹിക സുരക്ഷാ പദ്ധതികളുടെ സംരക്ഷണമില്ലാതെ കഴിയുന്നവര്‍ക്കൊക്കെ ഈ പദ്ധതി പ്രയോജനമാവും. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന മുഴുവന്‍ ആള്‍ക്കാരുടേയും വിവരശേഖരണവും നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍വേ ജൂലൈ 30ന് പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."