ഹരിതകേരളാ മിഷന്: സര്‍വകക്ഷി യോഗം ചേര്‍ന്നു
കല്‍പ്പറ്റ: ഹരിതകേരളാ മിഷന് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ.ആര് അജയകുമാറിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ജില്ലയില്‍ ഹരിതകര്‍മസേനക്ക് ഏകീകൃത യൂസര്‍ ഫീ നിശ്ചയിക്കുന്നതിനായി ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് തദ്ദേശസ്ഥാപന അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും യോഗം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേരും.
നിലവില്‍ ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ പല തരത്തിലാണ് യൂസര്‍ ഫീ ഈടാക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും ഹരിതകര്‍മസേന ഡിസംബര്‍ ഒന്നുമുതല്‍ മാലിന്യശേഖരണം തുടങ്ങും. മാലിന്യം സൂക്ഷിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്)യെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ശാസ്ത്രീയ രീതിയിലാണ് എല്ലാ പഞ്ചായത്തുകളിലും എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനായി വ്യാപക പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വമിഷന് ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കല്‍പ്പറ്റ ബ്ലോക്കില്‍ മാത്രം ആറു യന്ത്രങ്ങളാണുള്ളത്.
വാര്‍ഡ് തല ശുചിത്വ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കിയാവും പ്രവര്‍ത്തനങ്ങള്‍. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനും മാലിന്യമുക്ത വയനാട് കാംപയിന് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."