ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: കാസര്‍കോട് രണ്ട് സീറ്റും സി.പി.എം നിലനിര്‍ത്തി
കാസര്‍കോട്: ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. സിറ്റിംങ് സീറ്റുകള്‍ സി.പി.എം നിലനിര്‍ത്തുകയായിരുന്നു.
ബേഡഡുക്ക പഞ്ചായത്ത് ബിംബുങ്കാല്‍ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വിജയം. 543വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതു സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബിജു തായത്തിന്റെ വിജയം. ബിജു തായത്തിന് 728വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കുഞ്ഞികൃഷ്ണന് മാടക്കല്ലിന് 185 വോട്ടും ബി.ജെ.പിയിലെ സദാശിവന് ചേരിപ്പാടിക്ക് 143 വോട്ടും ലഭിച്ചു.
വാര്‍ഡംഗവും പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ എം. സുകുമാരന്റെ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ബിംബുങ്കാല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ വാര്‍ഡില്‍ 550ഓളം വോട്ടിനാണ് കഴിഞ്ഞ തവണ സുകുമാരന്‍ വിജയിച്ചത്. എന്നാല്‍ ബേഡഡുക്കയില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അകല്‍ച്ച താങ്ങള്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഇടതു കോട്ടയില്‍ മാറ്റമില്ലെന്നതിന്റെ സൂചനയാണ്. ബേഡഡുക്ക പഞ്ചായത്തില്‍ നേരത്തെ പ്രതിപക്ഷമില്ലാതെയാണ് എല്‍.ഡി.എഫ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗം അട്ടിമറി വിജയം നേടുകയായിരുന്നു.
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി പി. ഇന്ദിര 306 വോട്ടിന് വിജയിച്ചു. യു.ഡി.എഫിലെ കെ. പ്രിയയെയാണ് ഇന്ദിര പരാജയപ്പെടുത്തിയത്. വാര്‍ഡ് മെമ്പറായിരുന്ന വിജയകുമാരി സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."