HOME
DETAILS
MAL
വിവരാവകാശ അപേക്ഷകളില്‍ വ്യക്തവും പൂര്‍ണവുമായ മറുപടി നല്‍കണം
backup
November 21 2019 | 18:11 PM
കോഴിക്കോട്: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ജനാധിപത്യക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു.
ജില്ലയിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍, അപ്പലറ്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടേറിയറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപടികള്‍ വ്യക്തവും പൂര്‍ണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാന്‍ സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന 30 ദിവസം എന്നത് ഇതിനായി എടുക്കാവുന്ന പരമാവധി സമയമാണ്. എത്രയും പെട്ടെന്ന് അപേക്ഷകന് വിവരം കൈമാറുകയെന്നതാണ് നിയമത്തിന്റെ താല്‍പര്യം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അപേക്ഷകന് വിവരം ലഭിച്ചിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. അല്ലാതെ 30 ദിവസത്തിനകം വിവരം തയാറാക്കണമെന്നോ തപാലില്‍ അയക്കണമെന്നോ അതിനിടയിലുള്ള തിയതി രേഖപ്പെടുത്തി മറുപടി അയക്കണമെന്നോ അല്ല. പകര്‍പ്പ് ആവശ്യപ്പെട്ടയാള്‍ക്ക് 30 ദിവസത്തിനകം പകര്‍പ്പ് നല്‍കണമെന്നും പകര്‍പ്പ് ലഭിക്കാന്‍ നിശ്ചിത രൂപ അടയ്ക്കണമെന്ന് കാണിച്ച് 30ാം ദിവസം കത്തയച്ചാല്‍ പോരെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെടുന്ന വിവരം യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരേ അപ്പീല്‍ സമയത്ത് കമ്മിഷന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും അപ്പലറ്റ് അതോറിറ്റിയും എല്ലാ മറുപടികളിലും പേരും സ്ഥാനപ്പേരും വയ്ക്കണം. അപേക്ഷകര്‍ക്ക് വിവരം നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ടതില്ല. കൂടുതല്‍ വിവരം നല്‍കിയാല്‍ കുഴപ്പമില്ല. കുറഞ്ഞാലാണ് പ്രശ്‌നം. ചോദ്യ രൂപേണയായതു കൊണ്ട് മറുപടി നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും ചോദ്യരൂപത്തിലുള്ള അപേക്ഷകളിലും വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മിഷണര്‍ വ്യക്തമാക്കി.
വിവരം നിഷേധിക്കുമ്പോള്‍ ഏതുവകുപ്പ് പ്രകാരമാണെന്ന് അപേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ വ്യക്തമാക്കണമെന്നും നല്‍കുന്ന രേഖകള്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഓരോ പേജും സാക്ഷ്യപ്പെടുത്തി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. കെ.എല്‍ വിവേകാനന്ദന്‍, സോമനാഥന്‍ പിള്ള, കെ.വി സുധാകരന്‍, അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."