അപകടങ്ങള്‍ തുടര്‍ക്കഥ; ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷന്‍ കടലാസില്‍ തന്നെ
ചങ്ങനാശേരി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചങ്ങനാശേരിയില്‍ അനുവദിച്ച ട്രാഫിക് പൊലിസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമോ? ചങ്ങനാശേരിയില്‍ നിരന്തരം അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലും അനുവദിച്ച ട്രാഫിക് പൊലിസ് സ്റ്റേഷന്‍ വൈകുകയാണ്്. ഇതിനെതിരേ പ്രതിഷേധവും ശ്ക്തമായിട്ടുണ്ട്.
ചങ്ങനാശേരി ട്രാഫിക് പൊലിസ് യൂനിറ്റിനെ ട്രാഫിക് പൊലിസ് സ്റ്റേഷനായി ഉയര്‍ത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പാണ് ഉത്തരവിറങ്ങിയത്.
സി.എഫ്. തോമസ് എം.എല്‍.എ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് സ്റ്റേഷന്‍ അനുവദിച്ചത്. ഡിവൈഎസ്പി ഓഫീസിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പുതിയ സ്റ്റേഷന്‍ ആരംഭിക്കാനാണ് നടപടികള്‍ നടക്കുന്നത്. ഈ കെട്ടിട നമ്പറും ബന്ധപ്പെട്ട രേഖകളും ജില്ലാ പോലീസ് ചീഫിന്റെ ഓഫീസ് വഴി ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും സി.എഫ്. തോമസ് എംഎല്‍എ പറഞ്ഞു.പുതിയ ട്രാഫിക് സ്റ്റേഷന്‍ വരുന്നതോടെ റോഡ് അപകടങ്ങളും നിയമ ലംഘനങ്ങളും നിയന്ത്രിച്ച് ഈ രംഗത്തു കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും എം.എല്‍.എ വ്യക്തമാക്കി. നിലവിലുള്ള ട്രാഫിക് പൊലിസ് സ്റ്റേഷനില്‍ ഒരു എസ്‌ഐ, അഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 15 സിവില്‍ പൊലിസ് ഓഫീസര്‍മാര്‍ എന്നിവരാണുള്ളത്. ഇവര്‍ക്കു സ്വതന്ത്ര ചുമതലയും അധികാരവും ഇല്ലാത്തതുമൂലം ട്രാഫിക് രംഗത്ത് പ്രായോഗികമായും ഫലപ്രദമായും സേവനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല.
അപകടങ്ങള്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതു പൊലിസ് സ്റ്റേഷനിലാണ്. ട്രാഫിക് നിയമ ലംഘനങ്ങള്‍ സംബന്ധിച്ച നടപടികള്‍ മാത്രമേ ട്രാഫിക് യൂണിറ്റിനു സ്വീകരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുള്ളു. അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലങ്ങളില്‍ യഥാസമയം പൊലിസെത്താന്‍ വൈകുന്നതും പരാതിക്കിടയാക്കിയിരുന്നു. ട്രാഫിക് പൊലിസിനെ മറ്റ് കാര്യങ്ങള്‍ക്കു കൂടി വിനിയോഗിക്കുന്നതിനാല്‍ പല റോഡുകളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യം കുറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."