കുഴൂരില്‍ കനാലുകളില്‍ വെള്ളമെത്തിയില്ല; പാടശേഖരങ്ങള്‍ വരണ്ടുണങ്ങുന്നു
മാള: പ്രളയം കഴിഞ്ഞ് നൂറ് ദിനങ്ങള്‍ പിന്നിട്ടിട്ടും കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കനാലുകളില്‍ വെള്ളമെത്തിയില്ല. പാടശേഖരങ്ങള്‍ വരണ്ടുണങ്ങുന്നു . ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത്, 10 വാര്‍ഡുകളില്‍ പെട്ട കനാലുകളിലൂടെ വെള്ളം വരാത്തതിനാല്‍ കൃഷിക്ക് പുറമേ കുടിവെള്ളത്തിനും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.കര്‍ഷകര്‍ കടം വാങ്ങിയും കൊള്ളപ്പലിശക്ക് കടമെടുത്തും ഭൂമിയും സ്വര്‍ണവും പണയം വെച്ചും കൃഷി നടത്താനായി തയ്യാറായിട്ടും കനാലുകളില്‍ വെള്ളമെത്താത്തതിനാല്‍ അതിന് കഴിയാത്ത അവസ്ഥയാണുള്ളത്.
നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷികള്‍ ചെയ്യാനായി പാടശേഖരങ്ങളൊരുക്കി വെള്ളം കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ജനപ്രതിനിധികളോട് ചോദിക്കുമ്പോള്‍ ഉടനെ ശരിയാകുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.
കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ കൃഷിയിടമുള്ളത് 1291 ഹെക്റ്ററാണ്. ഇതില്‍ ഏഴ്, എട്ട്, ഒന്‍പത്, പത്ത് വാര്‍ഡുകളിലായി 250 ഹെക്റ്ററോളമാണുള്ളത്. ഇതില്‍ നെല്‍കൃഷിയും വാഴകൃഷിയും 80 ഹെക്റ്റര്‍ വീതവും പച്ചക്കറി 50 ഹെക്ടറോളവും ബാക്കി മരച്ചീനിയും ജാതിയും മറ്റുമാണ്.
ഗ്രാമപഞ്ചായത്തിലാകെ 400 ഹെക്ടറിലാണ് തെങ്ങ് കൃഷിയുള്ളത്. കനാലുകളിലൂടെ ജലസേചനമില്ലാത്തതിനാല്‍ ഇവയെല്ലാം പ്രതിസന്ധിയിലാണ്. കാര്‍ഷിക ഗ്രാമങ്ങളുള്‍ക്കൊള്ളുന്ന ഇവിടങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്.
ഇതില്‍ നിന്നുമുള്ള വരുമാനം നിലച്ചതോടെ കാര്‍ഷീക കുടുംബങ്ങള്‍ ദൈനംദിന ചെലവുകള്‍ക്കു വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പല കുടുംബങ്ങളുമിപ്പോള്‍ കൊള്ളപ്പലിശക്കാരുടെ പിടിയിലമര്‍ന്നിരിക്കയാണ്.
ഓണത്തിനായി 15 ഹെക്ടറിലിറക്കിയ ചേനകൃഷി പ്രളയത്തില്‍ നശിച്ചു. ഇനി ജനുവരി മാസത്തിലാണ് ചേനകൃഷി ഇറക്കേണ്ടത്. അതിനു മുന്‍പെങ്കിലും കനാലുകളിലൂടെ വെള്ളം വരുമോയെന്നാണു കര്‍ഷകര്‍ ചോദിക്കുന്നത്. സര്‍ക്കാരും എം.എല്‍.എയും മുന്‍കൈയെടുത്തു പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ ഇറിഗേഷന്‍ ഓഫിസുകള്‍ക്കു മുന്‍പില്‍ സമരം നടത്താനൊരുങ്ങുകയാണ് കുണ്ടൂര്‍ സ്വാശ്രയ കര്‍ഷക സമിതി. ഇതിനു മുന്നോടിയായി സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് ടി.കെ ബിജു എം.എല്‍.എക്കടക്കം നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."