വിദേശ വനിതയുടെ 10 ലക്ഷം തട്ടിയ കേസ്: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: വിവാഹമോചനക്കേസില്‍ നഷ്ടപരിഹാരമായി വിദേശവനിതക്ക് അനുവദിച്ച 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ദേശത്ത് എടച്ചാലില്‍ വീട്ടില്‍ വിധു വിജയ്(30്)യുടെ മുന്‍കൂര്‍ ജാമ്യഹരജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളി.
സ്‌ക്കോട്ട് ലാന്‍ഡ് പൗരയായ മറിയം ഖാലിദ് ഇമെയില്‍ വഴി ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുങ്ങല്ലൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ചാവക്കാട് സ്വദേശിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവതി ഇംഗ്ലണ്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ നാട്ടിലേക്ക് മടങ്ങിയ ചാവക്കാട് സ്വദേശി നാട്ടില്‍ മറ്റൊരു വിവാഹം കഴിച്ച വിവരമറിഞ്ഞ യുവതി ചാവക്കാട്ടെത്തി പൊലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാണ് വിവാഹബന്ധം അവസാനിപ്പിച്ചത്. 2017ലായിരുന്നു വിവാഹമോചനം.
നഷ്ടപരിഹാരത്തുക സ്‌ക്കോട്ട് ലാന്‍ഡ് കറന്‍സിയാക്കി അയക്കാന്‍ യുവതിയുടെയും മുന്‍ ഭര്‍ത്താവിന്റെയും സുഹൃത്തും കേസിലെ പ്രതിയുമായ വിധു വിജയിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രതി തുക ബ്രിട്ടീഷ് യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാതെ തട്ടിയെടുത്തുവെന്നും ചതിയും വഞ്ചനയും ചെയ്തുവെന്നും ആരോപിച്ച് യുവതി സ്‌ക്കോട്ട് ലാന്‍ഡില്‍ നിന്നും ഇ മെയില്‍ വഴിയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി അയച്ചത്. പ്രതിക്കു വേണ്ടി അഡ്വ. ബി.എ. ആളൂരാണ് ഹാജരായത്.
വിദേശയുവതിയുടെ വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് നല്‍കിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന് യാതൊരു വിധ അര്‍ഹതയുമില്ലെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദം അംഗീകരിച്ചാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."