സ്ഥലമേറ്റെടുത്ത് റോഡ് വീതികൂട്ടും
തളിപ്പറമ്പ്: കാക്കാത്തോട് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടു. മുടങ്ങിക്കിടന്ന റോഡുവികസനത്തിന് എം.എല്‍.എയുടെ ഇടപെടലിലൂടെ വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. സംസ്ഥാനപാതയില്‍ കാക്കാത്തോട് ഭാഗത്ത് റോഡ് വീതികൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സ്ഥലമുടമകളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു ചേര്‍ക്കും. ജയിംസ് മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ നാളെ രാത്രി 8ന് കപ്പാലം വ്യാപാരഭവനില്‍ നടക്കുന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാനും തളിപ്പറമ്പിലെ വികസന രംഗത്തെ പ്രമുഖരും പങ്കെടുക്കും. കാക്കാത്തോട് ഭാഗത്ത് റോഡ് വീതികൂട്ടണമെന്നും മന്ന ഭാഗത്തെ ഓടകള്‍ ശാസ്ത്രീയമായി പുനര്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ കഴിഞ്ഞമാസം തളിപ്പറമ്പ് വികസന സമിതി യോഗത്തില്‍ പരാതി നല്‍കിയിരുന്നു. ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടതോടെ മന്നയിലെ ഓട നവീകരണത്തിന്റെ ഒന്നാംഘട്ടം നടന്നുവരികയാണ്. തളിപ്പറമ്പിലെ വ്യാപാരികളുടെ എല്ലാ പിന്തുണയുണ്ടാകുമെന്നു വ്യാപാരി നേതാവ് കെ.എസ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."