അന്ധയായ വാസന്തിക്കും അമ്മ ശിവകാമിക്കും വീടൊരുങ്ങുന്നു
അഗളി: ആരാലും ആശ്രയമില്ലാതെ കഴിയുന്ന അന്ധയായ യുവതിക്കും വയസ്സായ അമ്മക്കും താമസിക്കാന്‍ അടച്ചുറപ്പുള്ള വീട് വേണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തക ഉമാ പ്രേമനും കൂട്ടരും .
അഗളി പഞ്ചായത്തിലെ താവളത്തിനടുത്ത് മുട്ടികോണം കോളനിയിലെ അന്ധയായ യുവതി വാസന്തിക്കും അമ്മ ശിവകാമിക്കുമാണ് ദുരിത ജീവിതത്തില്‍ നിന്നും മോചനം നല്‍കാന്‍ പുത്തന്‍ വീടൊരുങ്ങുന്നത്. കോയമ്പത്തൂര്‍ സ്വദേശിനി മഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റും പുല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച ഒറ്റമുറി കൂരയിലാണ് ഇവര്‍ കഴിയുന്നത്.
എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന ഈ മഴക്കാലത്ത് ചോര്‍ന്നൊലിക്കാത്ത ഒരിടം പോലുമില്ലെന്ന് ശിവകാമി പറയുന്നു.
എഴുപത് പിന്നിട്ട ശിവകാമി തൊഴിലുറപ്പ് പണിക്ക് പോയാണ് നിത്യ ചെലവുകള്‍ കഴിയുന്നത്. ജന്മനാ അന്ധയായ വാസന്തിക്ക് പരസഹായമില്ലാതെ അനങ്ങാന്‍ പോലുമാകില്ല. വാസന്തിയുടെ അച്ചന്‍ അപകടത്തില്‍ മരിച്ചതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്.
ഏക സഹോദരന്‍ മദ്യലഹരിയില്‍ നടത്തിയ കൊലക്കേസില്‍ ജയിലിലുമായി. ആരും അന്വേഷിക്കാനില്ലാത്ത ഇവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഈ ദുരവസ്ഥ കേട്ടറിഞ്ഞ ശാന്തി മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഉമാ പ്രേമന്‍ ഇവര്‍ക്ക് വീട് വെച്ചു നല്‍കാന്‍ സന്നദ്ധമായത്.
താവളത്തിനടുത്ത് സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്താണ് വാസന്തിക്കും അമ്മക്കും വീടൊരുങ്ങുന്നത്. ബെഡ് റുമും അടുക്കളയും ഹാളും ടോയ്‌ലെറ്റും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെട്ട വീടാണ് നിര്‍മ്മിക്കുന്നത്.
അന്ധരായവര്‍ക്ക് വീടിനകത്തും പുറത്തെ ചുറ്റുവട്ടത്തും സഞ്ചരിക്കാവുന്ന തരത്തിലാകും അതിന്റെ രൂപകല്പന. ജനുവരി ഒന്നിന് വീട് പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുമെന്ന് ഉമാ പ്രേമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."