വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികള്‍ ചൂഷണ വിധേയരാകുന്നു
കഞ്ചിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു.
എല്‍.പി, യു.പി ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ളവ തയാറാക്കുന്നതിനുള്ള സമയത്തിലെ കൃത്യനിഷ്ഠത ഇല്ലാത്തതിലാണ് പാചകത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നത്.
ഇതില്‍ കൂടുതലായി ഒന്നു മുതല്‍ ഏട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താകളെന്നിരിക്കെ ഇവര്‍ക്ക് ഭക്ഷണം വെച്ചുകൊടുക്കുന്ന ജോലിക്കാരാണ് കൂടുതലായും കഷ്ടപ്പെടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പില്‍ അരി, പയര്‍, പാല്‍, മുട്ട എന്നിവ വാങ്ങുന്നതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ട്.
വിദ്യാലയങ്ങളില്‍ പാചകത്തൊഴിലാളികളുടെ കാര്യത്തില്‍ അഞ്ഞൂറുകുട്ടികള്‍ക്കു വരെ ഒരാളും അഞ്ഞൂറില്‍ കൂടുതല്‍ കുട്ടികളുള്ളിടത്ത് രണ്ടുപേരും വേണമെന്ന് സര്‍ക്കുലറിലിരിക്കെ ഇത്തരത്തില്‍ ജോലിചെയ്യുന്നവരുടെ വേതനവും തുച്ചമാണെന്നതും പരിതാപകരമാണ്. മുന്‍കാലത്ത് എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് കഞ്ഞിയും പയറുമാണ് നല്‍കിയിരുന്നതെങ്കില്‍ ഇന്നത്തെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം മിക്കയിടത്തും മൂന്നുകറികളോടെയുള്ള ഉച്ചഭക്ഷണം നല്‍ക്കുമ്പോള്‍ ചിലയിടത്ത് ആഴ്ചയിലൊരിക്കല്‍ പായസവും നല്‍കുന്നുണ്ട്.
ഇതിനുപുറമെ ആഴ്ചയില്‍ രണ്ടു ദിവസം പാല്‍, മുട്ട എന്നിവ രാവിലെയും വൈകീട്ടും നല്‍കുന്നുണ്ട്. മുന്‍കാലങ്ങളില്‍ തൊഴിലാളികളുടെ വേതനം ഇരുപത് രൂപയില്‍ നിന്നും 2006 ല്‍ അന്‍പതു രൂപയായും തുടര്‍ന്ന് 2016-17 ല്‍ നാനൂറ് രൂപയായും നിജപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് ജോലി ചെയ്ത ദിവസങ്ങളില്‍ മാത്രമേ ലഭിക്കൂവെന്നതിനാല്‍ മാസത്തില്‍ ഇരുപത് ദിവസമാണ് പാചകത്തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്നത്. മിക്ക സ്‌കൂളുകളിലും രാവിലെ ഏഴുമുതല്‍ വൈകിയിട്ട് അഞ്ച് വരെ ജോലിചെയ്യേണ്ടി വരുമെന്നതിനാല്‍ ചിലയിടത്തുമാത്രമേ ഇവര്‍ക്കു സഹായത്തിനായി മറ്റുള്ളവര്‍ എത്താറുള്ളൂ.
കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ളിടത്ത് കൂടുതല്‍ തൊഴിലാളികളെ നിയമിച്ച് ജോലിഭാരം കുറയ്ക്കമെന്നാണ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ പറയുന്നത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമ്പോള്‍ പാചകത്തൊഴിലാളികളുടെ വിഷയത്തില്‍ മുഖം തിരിക്കുകയാണെന്നാണ് ആരോപണങ്ങളുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."