മകളെ മാപ്പ്... ഓര്‍മയുള്ള കാലത്തോളം മറക്കില്ല വിഷം കൊണ്ട് നീലിച്ച് വെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ ആ കാഴ്ച: കണ്ണ് നനയിച്ച് ഷഹല ഷെറിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകയായ ഇളയമ്മയുടെ കുറിപ്പ്
കോഴിക്കോട്: മകളെ മാപ്പ്... ഓര്‍മയുള്ള കാലത്തോളം മറക്കില്ല വിഷം കൊണ്ട് നീലിച്ച് വെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ ഈ കാഴ്ച. കണ്ണ് നനയിക്കുകയാണ് ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകയും പെണ്‍കുട്ടിയുടെ ഇളയുമ്മയുമായ ഫസ്‌ന ഫാത്തിമയുടെ കുറിപ്പ്.
എപ്പോഴും ചിരിച്ച് വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളില്‍ പിണക്കം മാറ്റുന്ന സാമര്‍ഥ്യക്കാരിയായ ഷഹ്‌ലയുടെ വിയോഗത്തിലൂടെ ആ സ്‌കൂളിലെ അധ്യാപകര്‍ തല്ലിക്കെടുത്തിയത് മികച്ചൊരു കലാകാരിയെ കൂടിയായിരുന്നു. നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാതാവ്... അങ്ങനെ പോകുന്നു ഞാന്‍ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ്‌ലയുടെ വിശേഷണമെന്ന് കുറിപ്പില്‍ പറയുന്നു
ഫേസ് ബുക്ക് കുറിപ്പ്
ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കില്‍ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളില്‍ പിണക്കം മാറ്റുന്ന സാമര്‍ത്ഥ്യക്കാരി. നര്‍ത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാതാവ്... അങ്ങനെ പോവുന്നു ഞാന്‍ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ്‌ലയുടെ വിശേഷണം.
എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാല്‍... അതിന്റെ എല്ലാ ലാളനയും അവള്‍ക്ക് കിട്ടിയിട്ടുണ്ട്. നിഷ്‌കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവള്‍ക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണര്‍ത്താന്‍ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാന്‍ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.
അശോക ഹോസ്പിറ്റലിലെ ലേബര്‍ റൂമിനു മുന്നില്‍ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്‌സുമാര്‍ നല്‍കിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവള്‍ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാന്‍ അവള്‍ക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവള്‍ക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോള്‍ ബീച്ച്, പാര്‍ക്ക് എന്നുവേണ്ട ഞങ്ങള്‍ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവള്‍ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബര്‍ 11 ന് തിരിച്ചു പോകുമ്പോള്‍ ഹല്‍വയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സര്‍പ്രൈസ് ഗിഫ്‌റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താന്‍ പറ്റിയില്ല. എത്തിയതോ നവംബര്‍ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയില്‍ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാന്‍. ഓര്‍മയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങള്‍. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓര്‍മകളിലൂടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."