മുണ്ടയോട് മുതിര്‍ന്നവരുടെ പോരാട്ടം
മട്ടന്നൂര്‍: നഗരസഭയിലെ ഇടതിനോട് ആഭിമുഖ്യമുള്ള വാര്‍ഡായ മുണ്ടയോട് പരിചയ സമ്പന്നര്‍ തമ്മിലാണ് ഇക്കുറി പോരാട്ടം. നിലവിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ സി.പി.എമ്മിലെ വി.എന്‍ സത്യേന്ദ്രനാഥും മുതിര്‍ന്ന കൗണ്‍സിലറായ മുസ്ലിംലീഗിലെ ഇ.പി ഷംസുദീനും തമ്മിലാണ് മത്സരം.
തങ്ങള്‍ക്കൊപ്പമുള്ള വാര്‍ഡ് നിലനിര്‍ത്തി ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫും ചുരുങ്ങിയ വോട്ടിനു നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും നീക്കം ശക്തമാക്കിയിട്ടുണ്ട്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സത്യേന്ദ്രനെതിരേ പോരാടുന്ന ഷംസുദ്ദീന് ലീഗ് മണ്ഡലം ജനറല്‍സെക്രട്ടറിയും യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനറുമാണ്. വാര്‍ഡില്‍ ഇരുവരും വാശിയേറിയ പ്രചാരണമാണു നടത്തുന്നത്. മുഴുവന്‍ റോഡുകളും ടാറിങ് നടത്തിയതായും അങ്കണവാടി കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ച് വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും എല്‍.ഡി.എഫ് പറയുന്നു. എന്നാല്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും വാര്‍ഡില്‍ നടത്തിയില്ലെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഷംസുദീന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 53 വോട്ടിനാണു സി.പി.എമ്മിലെ കെ.ആര് രാധിക വിജയിച്ചത്. 1007 വോട്ടര്‍മാരാണു വാര്‍ഡിലുള്ളത്. എന്‍.ഡി.എയിലെ ആര്. അജിത് കുമാറും എസ്.ഡി.പി.ഐയിലെ ഇര്‍ഷാദും മല്‍സരത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."