പഴമയുടെ തനിമയുമായി ബക്കളത്തെ ചായക്കട
തളിപ്പറമ്പ്: ഒരുകാലത്ത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ചായമക്കാനികളില്‍ പതിവുകാഴ്ചയായിരുന്ന സമോവര്‍ ഇന്നത്തെ തലമുറക്ക് അന്യമാണ്. പുതുമയുടെ വഴിയില്‍ പടിയിറങ്ങിയ പഴമകളില്‍ സമോവറും അപൂര്‍വ കാഴ്ചയായി. നാട്ടിലുള്ള എല്ലാ കടകളിലും പുതിയ സൗകര്യങ്ങള്‍ വന്നിട്ടും അച്ഛന്‍ കൈമാറിയ സമോവര്‍ കൈവിടാതെ പഴമയുടെ രുചി പകര്‍ന്നു നല്‍കുകയാണ് ബക്കളത്തെ കാരോത്ത് മണിയമ്പാറ മഹേഷ് എന്ന യുവാവ്. അച്ഛന്‍ നടത്തിവന്ന ഹോട്ടല്‍ കഴിഞ്ഞ 17 വര്‍ഷത്തോളമായി മഹേഷാണ് നടത്തുന്നത്. സമോവറിലെ ചായയുടെ രുചി വ്യത്യാസം തിരിച്ചറിഞ്ഞവര്‍ വീണ്ടും ഇവിടെ തന്നെ വരാറുണ്ടെന്ന് മഹേഷ് പറഞ്ഞു. തിളച്ച വെള്ളം നിരന്തരം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന സമോവര്‍ എന്ന ലോഹപ്പാത്രത്തിന്റെ ജന്മനാട് റഷ്യയാണ്. ഓടു കൊണ്ടോ ചെമ്പു കൊണ്ടോ ആണ് ഉണ്ടാക്കുന്നത്. സെല്‍ഫ് ബോയിലര്‍ എന്നാണ് സമോവര്‍ എന്ന റഷ്യന്‍ വാക്കിനര്‍ഥം. ഇതില്‍ ഉപയോഗിക്കുന്ന കരിക്ക് ചെലവേറുമെങ്കിലും മുഴുവന്‍ അംശവും പാഴാകാതെ ഉപയോഗിക്കാമെന്നതും ചൂടും വെള്ളവും നഷ്ടപ്പെടുന്നില്ല എന്നതും ഇതിന്റെ ഗുണങ്ങളാണെന്നും മഹേഷ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."