കാത്തിരിപ്പിനു വിരാമം; നീലേശ്വരം തീരദേശ പൊലിസ് സ്റ്റേഷനു നാഥനായി
നീലേശ്വരം: മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീലേശ്വരം തീരദേശ പൊലിസ് സ്റ്റേഷനില്‍ സി.ഐയെ നിയമിച്ചു. മനോജ് പറയട്ടയാണ് പ്രഥമ സി.ഐയായി ചുമതലയേല്‍ക്കുന്നത്. പൊലിസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും സി.ഐയെ നിയമിച്ചിരുന്നില്ല.
നീലേശ്വരം ടൗണ്‍ സി.ഐക്കായിരുന്നു ഇതുവരെ ചുമതല. എന്നാല്‍ തീരദേശ സ്റ്റേഷന് പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. പ്രതികളെ പിടികൂടാനോ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റു രേഖപ്പെടുത്താനോ തുടങ്ങിയിട്ടില്ല.
28 പൊലിസ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കു കാര്യമായ ജോലികളൊന്നുമില്ല. കിലോമീറ്ററുകളോളം പരിധിയുള്ള സ്റ്റേഷനില്‍ ആകെ ഒരു വാഹനമാണുള്ളത്. 24 കിലോമീറ്റര്‍ വിസ്തൃതിയുള്ള വലിയപറമ്പ് പഞ്ചായത്ത് ഉള്‍പ്പെടെ ഇതിന്റെ പരിധിയിലാണെങ്കിലും പരിശോധനക്കു പോകണമെങ്കില്‍ ആവശ്യമായ വാഹനസൗകര്യമില്ലാത്ത സ്ഥിതിയാണുള്ളത്.
സ്റ്റേഷനില്‍ അനുവദിച്ച ബോട്ട് ഇതുവരെ എത്തിയിട്ടുമില്ല. പൊലിസ് സ്റ്റേഷന്റെ ബോട്ട് ജെട്ടി ഇപ്പോള്‍ സാമൂഹ്യദ്രോഹികളുടെ ഇടത്താവളമാണ്.
അഴിത്തലയില്‍ എത്തുന്ന സാമൂഹ്യദ്രോഹികളെ അടിച്ചമര്‍ത്തുവാന്‍ തീരദേശ പൊലിസ് ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. സ്റ്റേഷനിലേക്കുള്ള റോഡ് ടാര്‍ ചെയ്തിട്ടുമില്ല.പൊലിസുകാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലെന്ന പരാതിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."