ബന്ദിപ്പൂര്‍ രാത്രിയാത്ര: മേല്‍പ്പാല നിര്‍മാണ ചെലവിന്റെ പകുതി കേരളം വഹിക്കും
തിരുവനന്തപുരം: ബന്ദിപ്പൂര്‍-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 766 ല്‍ വന മേഖലയില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നത് ഉള്‍പ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഏകദേശം 450-500 കോടി രൂപയാണ് പദ്ധതിക്ക് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമ തുക വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം കണക്കാക്കും.
ദേശീയ പാതയിലെ രാത്രികാല യാത്രാനിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി സുപ്രിംകോടതി നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായും കേരളം സുപ്രിംകോടതിയില്‍ അറിയിക്കും.നാഷനല്‍ ഹൈവേ അതോറിറ്റിയാണ് ദേശീയ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക.
ഒരു കിലോമീറ്റര്‍ നീളത്തിലുള്ള അഞ്ച് മേല്‍പ്പാതകളാണ് വനമേഖലയില്‍ ഉദ്ദേശിക്കുന്നത്. മേല്‍പ്പാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡ് ഫോറസ്റ്റ് ലാന്‍ഡ്‌സ്‌കേപ്പായി വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസമില്ലാത്ത രീതിയില്‍ തയാറാക്കും. ഇപ്രകാരം വനപ്രദേശത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന സ്ഥലത്തിന് ആനുപാതികമായ സ്ഥലം സംസ്ഥാന വനം വകുപ്പ് വിട്ടുനല്‍കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."