ദേശീയപാത സര്‍വേ സംഘത്തെ ചെര്‍ക്കളയില്‍ തടഞ്ഞു
ചെര്‍ക്കള: ദേശീയപാത നാലുവരിയാക്കാനുള്ള സര്‍വേ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ ചെര്‍ക്കളയില്‍ ആക്ഷന്‍ കമ്മിറ്റിയും സ്ഥല ഉടമകളും തടഞ്ഞു. ഇന്നലെ രാവിലെയാണു ചെര്‍ക്കള ബേവിഞ്ച സ്റ്റാര്‍ നഗറില്‍ നാട്ടുകാര്‍ സര്‍വേ സംഘത്തെ തടഞ്ഞത്. കാസര്‍കോട് ലാന്‍ഡ് അസൈന്‍മെന്റ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ 15 അംഗ ഉദ്യോഗസ്ഥരാണു സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. ഇതിനിടെയിലാണ് ദേശീയപാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി ഹാജി, എം.ബി ഇസ്മാഈല്‍, ഡി. മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഇരുപതോളം വരുന്ന സ്ഥല ഉടമകളും ചേര്‍ന്നു തടഞ്ഞത്.
കൃത്യമായ അലൈന്‍മെന്റ് പ്രകാരമല്ല സര്‍വേ നടക്കുന്നതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെയും സ്ഥല ഉടമകളുടെയും ആരോപണം. നിലവിലുള്ള 60 മീറ്റര്‍ ദേശീയപാതയുടെ സ്ഥലം ഒഴിവാക്കി കൊണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണു സര്‍വേ നടത്തുന്നതെന്ന് ഇവര്‍ പരാതിപ്പെട്ടു. നിലവിലുള്ള ദേശീയപാതയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തിയ ശേഷം കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ ഇരുഭാഗത്തുനിന്നും എടുക്കാമെന്നാണു സര്‍വേ സംഘത്തെ അറിയിച്ചതെന്നു ദേശീയപാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി ഹാജി പറഞ്ഞു. ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ വിവരമറിഞ്ഞു പൊലിസും സ്ഥലത്തെത്തി. എതിര്‍പ്പിനെ തുടര്‍ന്നു സര്‍വേ സംഘം രണ്ടു സ്ഥലത്തു മാത്രം പരിശോധന നടത്തി തിരിച്ചുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."