അധ്യാപകരില്‍ ചിലര്‍ മാനുഷിക സിലബസിന് പുറത്താണ്
സംസ്ഥാനം ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെദൂരം മുന്നിലാണെന്നും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ഉപയോഗിച്ചു നമ്മുടെ ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളായിക്കൊണ്ടിരിക്കുകയാണെന്നുമുള്ള മേനിപറച്ചില്‍ വെറും പുറംപൂച്ച് മാത്രമാണ്. കരുണയും ആര്‍ദ്രതയും കുട്ടികളെ അറിയുവാനുള്ള മനസ്സും സിലബസുകളില്‍ ഇല്ലാത്തതിനാല്‍ അത്തരം വികാര വിചാരങ്ങള്‍ സിലബസിന് പുറത്ത് നിര്‍ത്തിയ അധ്യാപകരും റിസ്‌കെടുത്ത് ചികിത്സിക്കാന്‍ തയാറില്ലാത്ത, എത്തിക്‌സിനെ ആശുപത്രി വെളിയില്‍നിര്‍ത്തിയ ഡോക്ടര്‍മാരും നമുക്കിടയില്‍ ഉള്ളപ്പോള്‍ ഇനിയും നമ്മള്‍ ആരോഗ്യരംഗത്തെക്കുറിച്ചും വിദ്യാഭ്യാസ മേഖലയെക്കുറിച്ചും ഗീര്‍വാണം നടത്തണോ?
ഒരുകാലത്ത് സമൂഹത്തിന്റെ സ്‌നേഹഭാജനങ്ങളായിരുന്ന അധ്യാപകരും ഡോക്ടര്‍മാരും എന്ത്മാത്രം മാറിപ്പോയിയെന്ന സന്ദേശമാണ് ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ ദാരുണമായ അന്ത്യം നമ്മളോട് വിളിച്ച് പറയുന്നത്. സ്‌കൂളിലെ അധ്യാപകരും ഒരേസ്വരത്തില്‍ പ്രതികരിച്ച നാല് അശുപത്രികളിലെ ഡോക്ടര്‍മാരും അല്‍പം കരുണ കാണിച്ചിരുന്നുവെങ്കില്‍ ഷഹ്‌ല ഷെറിന്റെ നിഷ്‌ക്കളങ്കമായ പുഞ്ചിരി ഇപ്പോഴും ഉണ്ടാവുമായിരുന്നില്ലേ. ഏതൊരു മനഃസാക്ഷിയെയാണ് ആ കുരുന്നിന്റെ ഇപ്പോഴും മായാത്ത ആ പുഞ്ചിരി നൊമ്പരപ്പെടുത്താതിരിക്കുക.
സംസ്ഥാനത്ത് 126 വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ രണ്ടെണ്ണം മാത്രമെ എറണാകുളം വരെയുള്ള ജില്ലകളില്‍ ഉള്ളൂ. ബാക്കി 124 സ്‌കൂളുകളും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് മലബാറിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയണം. ഓരോ അധ്യായന വര്‍ഷത്തിന് മുന്‍പും സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ തീര്‍ത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് വിദ്യാഭ്യാസ ചട്ടത്തിലെ കെ.ഇ.ആര്‍ റൂളിലെ നാലാം അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അങ്ങിനെയുള്ള കാര്യങ്ങളൊന്നും നിര്‍വഹിക്കാതെ അധ്യായനം ആരംഭിച്ച ബത്തേരി ഗവ. ഹൈസ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിദ്യാഭ്യാസ ഓഫിസറും എന്‍ജിനീയറും ഷഹ്‌ല ഷെറിന്റെ അകാല മരണത്തിന് കാരണക്കാരാണ്.
ഇത്തരം സ്‌കൂളുകളെ അവഗണിക്കുകയും അപകടങ്ങളും മരണങ്ങളും ഉണ്ടാകുമ്പോള്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിദ്യാലയത്തെ ഈ പരുവത്തില്‍ എത്തിച്ചതിന്റെ ഉത്തരവാദികളുമാണ്. അധ്യാപകരെയും ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്തത്‌കൊണ്ട് മാത്രം ഈ മഹാപാതകത്തില്‍നിന്നും കൈകഴുകാന്‍ സര്‍ക്കാരിനാവില്ല. വിഷപ്പാമ്പുകള്‍ക്ക് ക്ലാസ് മുറികളില്‍ യഥേഷ്ടം വിഹരിക്കുവാന്‍ കഴിയുന്ന അവസ്ഥയ്ക്ക് അംഗീകാരം നല്‍കിയ വിദ്യാഭ്യാസ ഓഫിസര്‍ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. സ്‌കൂളും പരിസരവും വൃത്തിയായും ഭംഗിയായും നിലനിര്‍ത്തേണ്ടത് പി. ടി.എയാണ്. ബത്തേരി ഗവ. ഹൈസ്‌കൂളിലെ പി.ടി.എ ഭാരവാഹികള്‍ക്ക് സ്‌കൂളിന് മുന്‍പിലെ ചിതല്‍പ്പുറ്റും ചുറ്റിലും വളര്‍ന്ന് പന്തലിച്ച കാടും വെട്ടിത്തെളിക്കാന്‍ മനസ്സുവന്നില്ല.
ഇതിലെല്ലാം സര്‍വ്വോപരിയായി നില്‍ക്കുന്നത് അധ്യാപകരുടെ നിരുത്തരവാദിത്വവും കാരുണ്യമില്ലായ്മയുമാണ്. എന്നെ പാമ്പുകടിച്ചു സാര്‍ എന്ന് ഷഹ്‌ല ഷെറിന്‍ കരഞ്ഞ് പറഞ്ഞിട്ടും ഒരധ്യാപകന്റെയും മനമലിഞ്ഞില്ലല്ലോ. സഹപാഠികള്‍ അധ്യാപകരോട് ഷഹ്‌ലയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നാവശ്യപ്പെട്ടിട്ടുപോലും മനുഷ്യത്വം മരവിച്ച അധ്യാപകര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. അത് ആണി കയറിയതായിരിക്കുമെന്ന ഒരധ്യാപകന്റെ നിരുത്തരവാദപരമായ പരാമര്‍ശത്തിന് ആണികുത്തിയാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പാടില്ലേ എന്ന ഷഹ്‌ല ഷെറിന്റെ സഹപാഠികളുടെ ചോദ്യം ഈകാലത്തെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കുന്ന സാമൂഹ്യപാഠം കൂടിയാണ്.
അധ്യാപകരില്‍നിന്നും ഡോക്ടര്‍മാരില്‍നിന്നും ആര്‍ദ്രമായ ഒരുസമീപനം ഇനി പൊതുസമൂഹം പ്രതീക്ഷിക്കേണ്ട എന്ന ഗുണപാഠവുംകൂടി ബത്തേരി സംഭവം നല്‍കുന്നുണ്ട്. അല്‍പം ദയയും കരുണയും കാണിച്ചിരുന്നുവെങ്കില്‍ ആ കുരുന്ന് ഇന്നും നിഷ്‌ക്കളങ്ക പുഞ്ചിരിയുമായി നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. അല്‍പം സിമെന്റ് എടുത്ത് ആ ദ്വാരം അടയ്ക്കാനുള്ള സന്മനസ്സ് ഒരധ്യാപകന്‌പോലും ഉണ്ടായില്ല. സര്‍ക്കാരിലേക്കെഴുതിയാല്‍ ഉത്തരവാദിത്വം തീര്‍ന്നു! അതോടെ കരുണയും വറ്റുമോ.
അധ്യാപകര്‍ ഒരുകാലത്ത് കുട്ടികളുടെ വഴികാട്ടികളും അവരുടെ വീടുകളിലെ ഒരംഗത്തെപ്പോലെ ആത്മബന്ധം സ്ഥാപിച്ചവരുമായിരുന്നു. തന്റെ ജീവിതത്തിലെ വഴിത്തിരിവിന് കാരണക്കാരന്‍ ഒരധ്യാപകനായിരുന്നുവെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം കുറിച്ചിട്ടുണ്ട്. ഇന്നത്തെ അധ്യാപകര്‍ സമരോത്സുകരാണ്. അവകാശങ്ങളെക്കുറിച്ചും ശമ്പള പരിഷ്‌കരണത്തെക്കുറിച്ചും മാത്രമാണവര്‍ സംസാരിക്കുന്നതും ചിന്തിക്കുന്നതും. സാധാരണ വീടുകളിലെ കുട്ടികള്‍ ഉന്നതസ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ അത് ക്ലാസ്മുറികളിലും പുറത്തും നന്മമരങ്ങളായി നിറഞ്ഞുനിന്ന അധ്യാപകരുടെ ജന്മപുണ്യത്താലായിരുന്നു. പോയതലമുറയും ഇപ്പോഴത്തെ തലമുറയും അവരുടെ വിദ്യാലയ ഓര്‍മകളില്‍ അവരെ സ്വാധീനിച്ച അധ്യാപകരെയും ഓര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.
ഇന്നത്തെ അധ്യാപകരില്‍ ചിലര്‍ കുട്ടികളെ ക്ലാസ് മുറികളില്‍ പരസ്യമായി അവഹേളിക്കാനും അപമാനിക്കാനുമാണ് ഉത്സുകരാകുന്നത്. ഇത്തരം അധ്യാപകരെ മുന്‍നിര്‍ത്തി സാമൂഹ്യ വികസനത്തെക്കുറിച്ച് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. പുറത്തെ പീഡനത്തെക്കാള്‍ കുട്ടികള്‍ അനുഭവിക്കുന്നത് ക്ലാസ് മുറികളിലെ അധ്യാപക പീഡനങ്ങളാണ്. ഇതില്‍നിന്നും വ്യത്യസ്ഥരായ അധ്യാപകരുടെ വംശം ഇപ്പോഴും കുറ്റിയറ്റ് പോയിട്ടില്ലെന്ന് കഴിഞ്ഞവര്‍ഷം തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ഗവ. ഹൈസ്‌കൂളിലെ ജി. ഭഗവാന്‍ എന്ന അധ്യാപകന്‍ കാണിച്ചുതന്നു. സ്‌കൂളില്‍നിന്നും സ്ഥലം മാറ്റംകിട്ടി പോകാനൊരുങ്ങിയ ജി. ഭഗവാനെ സ്‌കൂളിലെ കുട്ടികള്‍ ക്ലാസുകളില്‍നിന്നും പുറത്തിറങ്ങിവന്ന് തടഞ്ഞുനിര്‍ത്തി പോകരുതേയെന്ന് കരഞ്ഞ് അപേക്ഷിച്ച വാര്‍ത്ത വായിച്ചവരുടെയെല്ലാം കണ്ണുകള്‍ നനക്കുന്നതായിരുന്നു. സ്‌നേഹാര്‍ദ്രമായ ഇടപെടല്‍കൊണ്ട് കുട്ടികളുടെ സ്‌നേഹരൂപമായി മാറിയ അധ്യാപകനായിരുന്നു ജി. ഭഗവാന്‍. ഒടുവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജി. ഭഗവാന്റെ സ്ഥലംമാറ്റം റദ്ദാക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. കുട്ടികള്‍ക്ക് അധ്യാപനത്തോടൊപ്പം കരുണയും ആര്‍ദ്രതയും സ്‌നേഹവും അളവില്ലാതെ ചൊരിഞ്ഞ അധ്യാപകനായിരുന്നു ജി. ഭഗവാന്‍. അതാണ് അധ്യാപകന്‍. അതായിരിക്കണം അധ്യാപകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."