കിഫ്ബിയില്‍ എന്തുമാകാമെന്നാണോ?
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുമ്പോള്‍ കിഫ്ബിയില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തും ധൂര്‍ത്ത്.
ചെയര്‍മാനു മാത്രമാണ് വാഹനം ഉപയോഗിക്കാന്‍ അനുമതിയുള്ളതെന്നിരിക്കേ ഉദ്യോഗസ്ഥര്‍ക്കു സഞ്ചരിക്കാനായി കിഫ്ബിയില്‍ നിലവില്‍ ഒന്‍പതു വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നുണ്ട്. മൂന്ന് ഇന്നോവ ക്രിസ്റ്റ, മൂന്ന് ടൊയോട്ട എറ്റിയോസ്, ഒരു ഹോണ്ട സിറ്റി, രണ്ട് മഹീന്ദ്ര ബൊലേറോ എന്നിങ്ങനെയാണ് കിഫ്ബിക്കുവേണ്ടി ഓടുന്ന വാഹനങ്ങളുടെ കണക്ക്.
ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍, വകുപ്പ് തലവന്‍മാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ തലവന്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അര്‍ഹതയുള്ളതെന്ന് ധനവകുപ്പിന്റെ ഉത്തരവ് ഉണ്ട്.
അങ്ങനെയെങ്കില്‍ കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിന് മാത്രമാണ് സര്‍ക്കാര്‍ വകയിലുള്ള വാഹനം യാത്രക്കായി ഉപയോഗിക്കാന്‍ അര്‍ഹതയുള്ളത്. ഇവിടെയാണ് ഒന്‍പത് വണ്ടികള്‍ ഓടുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷം വാഹനങ്ങള്‍ ഓടിയ വകയില്‍ വന്‍തുക സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. 2016-17ല്‍ 3,60,000 രൂപ ചെലവായപ്പോള്‍ 2017-18ല്‍ 13,56,320 ചെലവഴിച്ചു.
അടുത്തവര്‍ഷം ഇരട്ടിയിലധികം തുകയാണ് വാഹനം ഓടിയ വകയില്‍ കിഫ്ബി ചെലവഴിച്ചത്. 2018-19ല്‍ 33,95,858 രൂപ ചെലവായി. 2019-20ല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 22,87,467 രൂപ ചെലവായിക്കഴിഞ്ഞു.
കിഫ്ബി പദ്ധതികളുടെ ഇന്‍സ്‌പെക്ഷന്‍ ഉള്‍പ്പെടെ കിഫ്ബിയുടെ വിവിധ വിഭാഗങ്ങളുടെ ആവശ്യത്തിനായി വാഹനങ്ങള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്രയും തുക ചെലവാകുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
സര്‍ക്കാര്‍ സര്‍വിസില്‍നിന്നു വിരമിച്ച കെ.എം എബ്രഹാമിന് കിഫ്ബി സി.ഇ.ഒ ആയി നിയമനം നല്‍കുകയും വന്‍തുക ശമ്പളമായി നല്‍കുന്നതും നേരത്തെതന്നെ ചര്‍ച്ചയായിരുന്നു.
മൂന്ന് വര്‍ഷത്തേക്ക് സി.ഇ.ഒ ആയി നിയമിച്ച കെ.എം എബ്രഹാമിന് നല്‍കുന്നത് 2.75 ലക്ഷം രൂപയാണ്.
ഇതില്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വീതം വര്‍ധനയും ഉണ്ട്. ഇതിന് പുറമെ വാഹനം, ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."