ഒഡിഷ ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷം
ഭുവനേശ്വര്‍: ഒഡിഷയില്‍ ബി.ജെ.പിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഒഡിഷയിലെ മുതിര്‍ന്ന നേതാക്കളുമായ ദിലീപ് റായ്, ബിജോയ് മൊഹാപത്ര എന്നിവര്‍ ഇന്നലെ പാര്‍ട്ടി വിട്ടു. ഇതോടെ സംസ്ഥാനത്തു പാര്‍ട്ടിയുടെ നില കൂടുതല്‍ പ്രതിസന്ധിയിലായി.
പാര്‍ട്ടി വിട്ട ഇരുവരും സംയുക്തമായി തയാറാക്കിയ രാജിക്കത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കു കൈമാറി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കില്ലെന്ന ഭീതിയില്‍ നിരവധിപേര്‍ പല കാര്യങ്ങളിലും പ്രതികരിക്കാതിരിക്കുകയാണെന്ന് ഇവര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. തങ്ങള്‍ ഉന്നയിച്ച പല ആശയങ്ങളും ഭീഷണിയായി കണക്കിലെടുത്തു വലിയ ആക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. സ്വന്തം മണ്ഡലങ്ങളില്‍ അപമാനിക്കുന്ന രീതിയിലുള്ള പ്രചാരണമുണ്ടാകുന്നു. വര്‍ഷങ്ങളായി ബി.ജെ.പിയില്‍ അംഗങ്ങളായ ആത്മാഭിമാനമുള്ള തങ്ങള്‍ക്കു വെറും കാഴ്ചവസ്തുക്കളായി ഇനിയും തുടരാനാകില്ലെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്.
തങ്ങളെ സംബന്ധിച്ചു സംസ്ഥാന താല്‍പര്യങ്ങളാണ് വലുത്. ഏതെങ്കിലുമൊരു സ്ഥാനത്തിനോ അധികാരത്തിനോ സ്ഥാനാര്‍ഥിത്വത്തിനോ വേണ്ടി സംസ്ഥാന താല്‍പര്യങ്ങളും ആത്മാഭിമാനവും പണയംവയ്ക്കില്ല.
തുടര്‍ച്ചയായ മൗനം ജനാധിപത്യത്തിന് ഒട്ടും യോജിക്കാത്തതാണെന്നും കത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടി. റൂര്‍ഖേല മണ്ഡലത്തിലെ എം.എല്‍.എയായ ദിലീപ് റായ് ഈ സ്ഥാനവും രാജിവച്ചിട്ടുണ്ട്. കഠിനമായ വേദനയോടെയാണ് എം.എല്‍.എ സ്ഥാനവും ബി.ജെ.പി അംഗത്വവും രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. സ്പീക്കര്‍ പ്രതീപ് ആമതിനെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറുകയും ചെയ്തു.
അതേസമയം, ഇരു നേതാക്കളുടെയും രാജി സംസ്ഥാനത്തു ബി.ജെ.പിക്ക് ഒരുതരത്തിലുള്ള പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് ബസന്ത് പാണ്ഡെ പറഞ്ഞു. പാര്‍ട്ടിയില്‍ തുടരുന്നതും വിട്ടുപോകുന്നതും വ്യക്തികളുടെ താല്‍പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദിലീപ് റായിയുടേയും മൊഹാപത്രയുടെയും രാജി സംസ്ഥാന ബി.ജെ.പിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു മെച്ചപ്പെട്ട നിലയിലേക്കു പാര്‍ട്ടി എത്തുമെന്നു പ്രതീക്ഷിക്കുന്നതിനിടയിലാണ് രണ്ടു മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. കട്ടക്ക് ജില്ലയില്‍ നല്ല സ്വാധീനമുള്ള നേതാവാണ് മൊഹാപത്ര. ഈ ജില്ലയില്‍ ബി.ജെ.പിക്കു കടുത്ത പ്രതിസന്ധിയായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്നും വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."