ഗതാഗത മന്ത്രി വിമാനം കയറി; കെ.എസ്.ആര്‍.ടി.സി പാതിവഴിയില്‍ കട്ടപ്പുറത്ത്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനാകാതെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുന്നതിനുമാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കൊപ്പം ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി പോകുന്നത്.
അതേസമയം കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടരുകയുമാണ്. ഇതിനാകട്ടെ ഒരു പരിഹാരവും ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല. ഇന്നലെവരെയുള്ള കളക്ഷനെടുത്ത് ശമ്പളം നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഒക്ടോബര്‍ മാസത്തിലെ ശമ്പളത്തിലെ ശേഷിക്കുന്ന തുക നല്‍കാന്‍ തികയില്ലെന്ന കാരണത്താലാണ് കൊടുക്കാത്തത്.
ബാക്കി ശമ്പളം ഇന്നെങ്കിലും ലഭിക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. 22ന് ശമ്പളം വിതരണം ചെയ്യുമ്പോള്‍ അവസാനിപ്പിക്കാമെന്നു കരുതി സമരം ആരംഭിച്ച യൂണിയനുകളും വെട്ടിലായിട്ടുണ്ട്. സി.ഐ.ടി.യു ചീഫ് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല ധര്‍ണയാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകള്‍ ഒരാഴ്ചമുമ്പുതന്നെ സമരം ആരംഭിച്ചിരുന്നു.
ബാക്കി ശമ്പളം നല്‍കുന്നതിന് സര്‍ക്കാരില്‍നിന്നു എന്തെങ്കിലും സഹായം ലഭിക്കുമെന്നാണ് മാനേജ്‌മെന്റ് കരുതിയിരുന്നത്. ഇതിനായി എം.ഡി സര്‍ക്കാരിന് കത്തു നല്‍കുകയും ചെയ്തിരുന്നു. പക്ഷേ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. മാത്രമല്ല ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്കുപോലും അവസരം നല്‍കാതെയാണ് ഗതാഗത മന്ത്രി മുഖ്യമന്ത്രിക്കൊപ്പം വിദേശത്തേക്കു പോകുന്നത്.
ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഇനി 37 കോടി രൂപ വേണം. ദൈനംദിന വരുമാനത്തില്‍ നിന്ന് മാറ്റി വച്ച തുക കൂട്ടിച്ചേര്‍ത്താലും 19 കോടിയെങ്കിലും ഇനിയും വേണ്ടിവരും. അങ്ങനെയെങ്കില്‍ ശമ്പളത്തിന്റെ ബാക്കി നല്‍കുന്നത് ഇനിയും നീണ്ടേക്കും. അല്ലെങ്കില്‍ കുറച്ചുതുക നല്‍കി തല്‍ക്കാലം ജീവനക്കാരെ അടക്കിനിര്‍ത്താനാകും മാനേജ്‌മെന്റ് തീരുമാനിക്കുക.
ധനമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഗതാഗതമന്ത്രിയുമായുള്ള മന്ത്രിതല ചര്‍ച്ച നടന്നിരുന്നില്ല. മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിന് പോകുന്ന ഗതാഗത മന്ത്രി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങിയെത്തു. അതുവരെ സര്‍ക്കാര്‍ തലത്തില്‍നിന്നു പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലയുണ്ടാകാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."